
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനെതിരെയുള്ള സൈനിക നീക്കം ഒഴിവാക്കാൻ അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് കളമൊരുങ്ങുന്നു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്‌ചിയും ഈ ആഴ്ച തുർക്കിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഇറാന്‍റെ ആണവ പദ്ധതികൾ നിയന്ത്രിക്കുക, ഉപരോധങ്ങൾ നീക്കുക എന്നിവയാണ് പ്രധാന അജണ്ട. ട്രംപിന്‍റെ ‘നോ ന്യൂക്ലിയർ വെപ്പൺസ്’ (അണവായുധം പാടില്ല) എന്ന നയത്തോടും ചർച്ചകളോടും താൻ യോജിക്കുന്നുവെന്ന് ആരാഗ്‌ചി സിഎൻഎന്നിനോട് പറഞ്ഞു.
തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഈ ചർച്ചകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ടർക്കിഷ് വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാനും ചർച്ചയിൽ പങ്കെടുത്തേക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ അബുദാബിയിൽ വെച്ച് നടക്കുന്ന റഷ്യ-ഉക്രെയ്ൻ ചർച്ചകളിൽ പങ്കെടുത്ത ശേഷം വിറ്റ്‌കോഫ് ടർക്കിയിലേക്ക് എത്തുമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന. ഇറാൻ ഇപ്പോൾ “ഗൗരവമായി ചർച്ച നടത്തുന്നുണ്ടെന്ന്” ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു. എങ്കിലും ഇറാന്റെ തീരത്തിന് അടുത്തുതന്നെ അമേരിക്കൻ നാവികപ്പട നിലയുറപ്പിച്ചിട്ടുണ്ട്.
ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ ഭരണകൂടം അടിച്ചമർത്തുന്നതിനെതിരെയും ആണവ പരീക്ഷണം സംബന്ധിച്ചും ട്രംപ് നേരത്തെ കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഒരു യുദ്ധം നടന്നാൽ അത് മേഖലയിലാകെ പടരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ചർച്ചകൾ വിജയിച്ചില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന് ഇസ്രായേലും അമേരിക്കയും ആവർത്തിക്കുന്നു. ഒരു തെറ്റായ കണക്കുകൂട്ടൽ വലിയ യുദ്ധത്തിന് കാരണമായേക്കാമെന്നും, ഡിപ്ലോമസിയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ആരാഗ്‌ചി ടെലിഗ്രാമിലൂടെ വ്യക്തമാക്കി.











