
വാഷിംഗ്ടൺ: ആറ് വർഷം മുൻപ് യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയുടെ ബന്ധുക്കളെ യുഎസ് ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു. സുലൈമാനിയുടെ അനന്തരവളായ ഹമീദ സുലൈമാനി അഫ്സഹർ, ഇവരുടെ മകൾ എന്നിവരാണ് പിടിയിലായത്. ഇവരുടെ ഗ്രീൻ കാർഡ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് റദ്ദാക്കിയതിനെത്തുടർന്നാണ് നടപടി.
യുഎസിൽ സ്ഥിരതാമസക്കാരായിരുന്ന ഇവർക്കെതിരെ കർശന നടപടിയെടുക്കാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നിർദ്ദേശിക്കുകയായിരുന്നു. അമേരിക്കയിൽ ആഡംബര ജീവിതം നയിക്കുന്നതിനിടെ ഹമീദ സോഷ്യൽ മീഡിയയിലൂടെ ഇറാൻ ഭരണകൂടത്തെ പിന്തുണയ്ക്കുകയും അമേരിക്കൻ വിരുദ്ധ പ്രചാരണം നടത്തുകയും ചെയ്തുവെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഹമീദയുടെ ഭർത്താവിനും യുഎസിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിൻ്റെ (ICE) കസ്റ്റഡിയിലുള്ള ഇവരെ ഉടൻ തന്നെ ഇറാനിലേക്ക് നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അറസ്റ്റിലായവർക്ക് തങ്ങളുടെ കുടുംബവുമായി ബന്ധമില്ലെന്ന് ഖാസിം സുലൈമാനിയുടെ മകൾ നർജസ് സുലൈമാനി പ്രതികരിച്ചു. 2020 ജനുവരിയിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ആദ്യ ഭരണകാലത്തായിരുന്നു സുലൈമാനിയെ ലക്ഷ്യമിട്ടുള്ള സൈനിക നടപടി. ബാഗ്ദാദിൽ വെച്ചാണ് ഖാസിം സുലൈമാനിയെ യുഎസ് സൈന്യം വധിച്ചത്.
US arrests relatives of former Iranian military commander Qassem Soleimani; revokes green cards, to be deported soon















