
ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിനെതിരെ രൂക്ഷവിമർശനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ ആർക്കും സംരക്ഷണമല്ല നൽകുന്നതെന്നും മറിച്ച് അവ മേഖലയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ യുദ്ധസാഹചര്യങ്ങൾ ഈ യാഥാർത്ഥ്യം വ്യക്തമായി തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പ്രതികരിച്ചു.
ഇസ്രായേലിന് വേണ്ടി ആരെയും ബലികൊടുക്കാൻ മടിക്കാത്ത നിലപാടാണ് അമേരിക്കയുടേതെന്നും ഇസ്രായേലിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രമാണ് അവർക്ക് ശ്രദ്ധയെന്നും ഗാലിബാഫ് കുറ്റപ്പെടുത്തി. മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയെക്കാൾ ഉപരിയായി സ്വന്തം അജണ്ടകൾ നടപ്പിലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.
അമേരിക്ക നൽകുന്ന സുരക്ഷാ കവചത്തിൽ വിശ്വസിക്കുന്നവർ ആത്യന്തികമായി വഞ്ചിക്കപ്പെടുമെന്ന് അദ്ദേഹം പരിഹസിച്ചു. “അമേരിക്ക പുതപ്പുനൽകി പുതപ്പിക്കുന്നവർ യഥാർത്ഥത്തിൽ നഗ്നരാണ്” എന്ന പ്രയോഗത്തിലൂടെ അമേരിക്കൻ ബാന്ധവം അർത്ഥശൂന്യമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. മേഖലയിലെ വിദേശ സൈനിക സാന്നിധ്യം അവസാനിപ്പിക്കണമെന്ന ഇറാന്റെ പ്രഖ്യാപിത നിലപാട് ആവർത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
















