
വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാകാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിക്കാത്തതാണെന്ന് വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്.
വ്യാപാര കരാറിനായുള്ള എല്ലാ ഒരുക്കങ്ങളും താൻ പൂർത്തിയാക്കിയിരുന്നുവെന്നും എന്നാൽ മോദി ട്രംപിനെ വിളിച്ച് സംസാരിക്കണമെന്ന് താൻ നിർദ്ദേശിച്ചതായും ലുട്നിക് പറഞ്ഞു. എന്നാൽ അത്തരമൊരു നീക്കത്തിന് ഇന്ത്യ അസ്വസ്ഥത പ്രകടിപ്പിക്കുകയും മോദി വിളിക്കാതിരിക്കുകയും ചെയ്തതോടെ കരാർ തടസ്സപ്പെട്ടുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് ചോദിച്ചപ്പോൾ, ലുട്നിക് പറഞ്ഞതിങ്ങനെ: “വ്യക്തമാക്കാം, ഇത് അദ്ദേഹത്തിന്റെ കരാറാണ്. അദ്ദേഹം ഏറ്റവും അടുത്തയാളാണ്. അദ്ദേഹം കരാർ ചെയ്യുന്നു. അതിനാൽ ഞാൻ പറഞ്ഞു, നിങ്ങൾ ട്രംപിനെ വിളിക്കണം. എല്ലാം സജ്ജീകരിച്ചിരിക്കുന്നു. നിങ്ങൾ ട്രംപിനെ വിളിക്കണം… അവർ അത് ചെയ്യുന്നത് അസ്വസ്ഥരായിരുന്നു. അതിനാൽ മോദി വിളിച്ചില്ല.”
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് കുറഞ്ഞത് 500% താരിഫ് ചുമത്താൻ കഴിയുന്ന ഒരു ബിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച അംഗീകരിച്ചതിന് ശേഷമാണ് ഈ വെളിപ്പെടുത്തൽ.
ഇന്ത്യയുമായുള്ള കരാർ നീണ്ടുപോയതോടെ ആ സമയത്ത് ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക കരാറുകളിൽ ഏർപ്പെട്ടുവെന്നും ലുട്നിക് വ്യക്തമാക്കി.
ലുട്നിക്കിന്റെ ഈ പ്രസ്താവനകളോട് ഇന്ത്യൻ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ, ഇന്ത്യ മാപ്പു പറഞ്ഞ് ചർച്ചയ്ക്കായി തിരികെ വരുമെന്നും ലുട്നിക് വിവാദ പരാമർശം നടത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
US Commerce Secretary reveals that the obstacle to the India-US trade deal is Modi not calling Trump














