ചിക്കാഗോയ്ക്ക് സമീപത്തെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി; ഫെഡറൽ ഏജൻസികളുടെ വീഴ്ചയെന്ന് യുഎസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി

വാഷിംഗ്ടൺ: ചിക്കാഗോയ്ക്ക് സമീപമുള്ള ഔറോളയിലെ ശ്രീ വെങ്കിടേശ്വര സ്വാമി (ബാലാജി) ക്ഷേത്രത്തിന് നേരെ ഉണ്ടായ നവനാസി ഭീകരാക്രമണ പദ്ധതിയിൽ ഫെഡറൽ ഏജൻസികൾക്ക് വീഴ്ച പറ്റിയെന്ന് യുഎസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി. സ്വന്തം കുടുംബത്തോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയപ്പോഴാണ് ഈ ഗൂഢാലോചന പുറത്തുവന്നത്. ന്യൂനപക്ഷ സമുദായങ്ങൾ തങ്ങളുടെ സുരക്ഷയ്ക്കായി ഇനി “ഭാഗ്യത്തെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാകരുത്” എന്ന് അദ്ദേഹം വ്യക്തമാക്കി.

ചിക്കാഗോയ്ക്ക് സമീപമുള്ള ഔറോളയിൽ ഹിന്ദു ക്ഷേത്രം ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 19കാരനായ അലക്സാന്ദ്രോസ് പാപോരാക്കിസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകരവാദ ഭീഷണി മുഴക്കിയതിനും അനധികൃതമായി ആയുധം കൈവശം വെച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭീഷണികളെ വകവെക്കാതെ തങ്ങളും കുടുംബവും വീണ്ടും ക്ഷേത്ര സന്ദർശനം തുടരുമെന്ന് രാജ കൃഷ്ണമൂർത്തി വ്യക്തമാക്കി. ആക്രമണകാരികളുടെ ഭയത്തിന് മുന്നിൽ തങ്ങൾ കീഴടങ്ങില്ലെന്നും, ഏത് പശ്ചാത്തലത്തിലുള്ളവരായാലും അമേരിക്കയിലെ എല്ലാ പൗരന്മാര്‍ക്കും തങ്ങളുടെ മതം സ്വതന്ത്രമായി ആചരിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇത്രയും ഗൗരവമേറിയ ഒരു ആക്രമണ പദ്ധതി രണ്ട് വർഷത്തോളമായി ആസൂത്രണം ചെയ്യപ്പെട്ടിട്ടും രഹസ്യാന്വേഷണ ഏജൻസികൾക്ക് അത് കണ്ടെത്താൻ സാധിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആഭ്യന്തര ഭീകരവാദ ഭീഷണികൾ നേരിടുന്നതിൽ എഫ്.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് ഫണ്ടിന്റെയും മറ്റ് വിഭവങ്ങളുടെയും വലിയ കുറവുണ്ടെന്നും, ഇത് നിർണായകമായ പല മുന്നറിയിപ്പുകളും അവഗണിക്കാൻ ഇടയാക്കിയെന്നും രാജ കൃഷ്ണമൂർത്തി ചൂണ്ടിക്കാണിച്ചു.

More Stories from this section

family-dental
witywide