വാഷിങ്ടൺ: ആഗോള വിപണിയിൽ ഇന്ത്യ ഒരു പ്രബല ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് കോൺഗ്രസ് അംഗം റിച്ച് മക്കോർമിക്. സൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസ് (CSIS) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ സാമ്പത്തിക രംഗത്ത് പാകിസ്താനേക്കാൾ ഇന്ത്യ നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും 30 കോടി ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും പാകിസ്താൻ അമേരിക്കയിലേക്ക് നിക്ഷേപങ്ങൾ കൊണ്ടുവരുന്നില്ലെന്നും മക്കോർമിക് പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം തകരാറിലാകുന്നത് അമേരിക്കയ്ക്ക് വലിയ ദോഷം ചെയ്യുമെന്ന് മക്കോർമിക് മുന്നറിയിപ്പ് നൽകി. അമേരിക്ക ഇന്ത്യക്കാരെ സുഹൃത്തുക്കളായി സ്വീകരിച്ചാൽ നമുക്ക് സമാധാനവും അഭിവൃദ്ധിയും ഉണ്ടാകും. എന്നാൽ അവരെ അകറ്റിനിർത്തിയാൽ അത് നമുക്കെല്ലാവർക്കും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ നിന്ന് ഇന്ത്യ നിക്ഷേപം സ്വീകരിക്കുക മാത്രമല്ല, തിരികെ വലിയ തോതിൽ നിക്ഷേപങ്ങൾ എത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ വളരുന്ന മധ്യവർഗം ആഗോള വിപണിയിൽ വലിയ സ്വാധീനം ചെലുത്താൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യ വെറും പ്രതിഭകളെ കയറ്റുമതി ചെയ്യുക മാത്രമല്ല, ലോകത്തെ വിവിധ മേഖലകളിലെ വിടവുകൾ നികത്താൻ ആവശ്യമായ കഴിവുള്ളവരെ വാർത്തെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ കമ്പനികൾ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്താൻ താൽപ്പര്യപ്പെടുന്നത് ഇന്ത്യയിലാണെന്നും പാകിസ്‌താനിലല്ലെന്നും ചടങ്ങിൽ പങ്കെടുത്ത ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ആമി ബെറയും വ്യക്തമാക്കി. വ്യാപാര നിയന്ത്രണങ്ങളും താരിഫുകളും സംബന്ധിച്ച് നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തത്തിൽ ഇരുരാജ്യങ്ങളും ഉറച്ചുനിൽക്കുന്നുവെന്ന് ആമി ബെറയും ചൂണ്ടിക്കാട്ടി.
US Congressman Rich McCormick has warned that alienating India would be a major disadvantage for the United States














