
മസ്കറ്റ്: ഒമാൻ മധ്യസ്ഥതയിൽ മസ്കറ്റിൽ നടന്ന യുഎസ്-ഇറാൻ ആണവചർച്ചയുടെ ആദ്യഘട്ടം പൂർത്തിയായതിന് തൊട്ടുപിന്നാലെ, ഇറാൻ്റെ എണ്ണക്കടത്ത് ശൃംഖലയെ ലക്ഷ്യം വച്ച് അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ചർച്ചയെക്കുറിച്ച് ഇരുവിഭാഗവും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചെങ്കിലും, ഇറാനുമേൽ സാമ്പത്തിക സമ്മർദ്ദം തുടരുമെന്ന ശക്തമായ സന്ദേശമാണ് യുഎസ് നൽകുന്നത്.
ഇറാൻ്റെ പെട്രോളിയം, പെട്രോോകെമിക്കൽ ഉൽപ്പന്നങ്ങൾ നിയമവിരുദ്ധമായി കടത്തുന്ന ‘ഷാഡോ ഫ്ലീറ്റ്’ എന്ന് വിളിക്കപ്പെടുന്ന കപ്പൽ ശൃംഖലയെയാണ് ഈ ഉപരോധം പ്രധാനമായും ബാധിക്കുന്നത്. ചൈന, ലൈബീരിയ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 15 സ്ഥാപനങ്ങൾക്കും 14 കപ്പലുകൾക്കും രണ്ട് വ്യക്തികൾക്കും എതിരെയാണ് നിലവിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
ഉപരോധ പട്ടികയിൽ ഒരു ഇന്ത്യൻ കമ്പനിയും ഒരു ഇന്ത്യൻ പൗരനും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒമാൻ വിദേശകാര്യ മന്ത്രിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിൻ്റെ മരുമകൻ ജറീദ് കുഷ്നറും യുഎസ് സേനയുടെ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറും പങ്കെടുത്തിരുന്നു. ചർച്ച ‘നല്ലൊരു തുടക്കം’ ആണെന്ന് ഇറാൻ വിശേഷിപ്പിച്ചെങ്കിലും, സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനായി ഇരുപക്ഷവും അവരവരുടെ തലസ്ഥാനങ്ങളിലേക്ക് മടങ്ങി.
ഇറാൻ്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് പൂർണ്ണമായ പരിഹാരം കാണുന്നതുവരെ തങ്ങളുടെ ‘മാക്സിമം പ്രഷർ’ ക്യാമ്പയിൻ തുടരുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി
US continues to exert economic pressure on Iran even after talks; Trump imposes oil sanctions, Indian company on sanctions list















