കുട്ടികളുടെ വാക്സിൻ പട്ടിക വെട്ടിക്കുറച്ച നടപടിക്ക് തിരിച്ചടി; ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പരിഷ്കാരങ്ങൾ യു.എസ് കോടതി തടഞ്ഞു

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന് കീഴിൽ അമേരിക്കൻ ആരോഗ്യവകുപ്പ് സെക്രെട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ കൊണ്ടുവന്ന വിവാദപരമായ വാക്സിൻ പരിഷ്കാരങ്ങൾ ഫെഡറൽ കോടതി തടഞ്ഞു. കുട്ടികൾക്കുള്ള വാക്സിൻ പട്ടികയിൽ വരുത്തിയ മാറ്റങ്ങളും പുതിയ സമിതി അംഗങ്ങളുടെ നിയമനവുമാണ് ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ബ്രയാൻ മർഫി സ്റ്റേ ചെയ്തത്.

ഈ വർഷം ആദ്യം കെന്നഡിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട വാക്സിനുകളുടെ എണ്ണം 17-ൽ നിന്ന് 11 ആയി കുറച്ചിരുന്നു. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ പ്രധാന വാക്സിനുകൾ അതീവ ജാഗ്രത വേണ്ട കുട്ടികൾക്ക് മാത്രം നൽകിയാൽ മതിയെന്നായിരുന്നു പുതിയ നിർദ്ദേശം. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ‘അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്’ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘടനകൾ കോടതിയെ സമീപിക്കുകയായിരുന്നു.

1964 മുതൽ വാക്സിൻ നയങ്ങൾ രൂപീകരിക്കുന്ന ‘അഡ്വൈസറി കമ്മിറ്റി ഓൺ ഇമ്മ്യൂണൈസേഷൻ പ്രാക്ടീസസിലെ’ (ACIP) മുഴുവൻ അംഗങ്ങളായ 17 പേരെയും കെന്നഡി പിരിച്ചുവിട്ടിരുന്നു. പകരം നിയമിച്ച 13 അംഗങ്ങളിൽ മിക്കവർക്കും വാക്സിൻ മേഖലയിൽ മതിയായ വൈദഗ്ധ്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ശാസ്ത്രീയമായ കീഴ്വഴക്കങ്ങളും നിയമപരമായ നടപടിക്രമങ്ങളും ലംഘിച്ചാണ് കെന്നഡി തീരുമാനങ്ങൾ എടുത്തതെന്ന് ജഡ്ജി ബ്രയാൻ മർഫി വ്യക്തമാക്കി. കൃത്യമായ പരിശോധനകളില്ലാതെയാണ് പുതിയ അംഗങ്ങളെ നിയമിച്ചതെന്നും, ഇത് ഭരണകൂടത്തിന്റെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി.
പുതിയ സമിതി എടുത്ത എല്ലാ തീരുമാനങ്ങളും അംഗങ്ങളുടെ നിയമനവും കോടതി അസാധുവാക്കി. ഇതോടെ ഈ ആഴ്ച നടക്കേണ്ടിയിരുന്ന സമിതിയുടെ യോഗം ആരോഗ്യ മന്ത്രാലയം മാറ്റിവെച്ചു.

ശാസ്ത്രീയമായ തീരുമാനങ്ങൾ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള നിർണ്ണായക ചുവടുവെപ്പാണ് ഈ വിധിയെന്ന് മെഡിക്കൽ സംഘടനകൾ പ്രതികരിച്ചു. എന്നാൽ, ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ട്രംപ് ഭരണകൂടത്തെ ഭരിക്കാൻ അനുവദിക്കാത്ത നീക്കമാണിതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

US court blocks Health Secretary’s reforms to reduce children’s vaccine list

More Stories from this section

family-dental
witywide