
വാഷിംഗ്ടൺ: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയ്ക്കും ഭാര്യ സിലിയ ഫ്ലോറസിനുമെതിരെ അതിശക്തമായ നിയമനടപടികളുമായി അമേരിക്കൻ നീതിന്യായ വകുപ്പ് മുന്നോട്ട്. നിലവിൽ ന്യൂയോർക്കിൽ മഡുറോയ്ക്കെതിരെയുള്ള കുറ്റപത്രത്തിന് പുറമെ, കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ഉൾപ്പെടുത്തി പുതിയ ‘സൂപ്പർസീഡിംഗ് ഇൻഡിക്റ്റ്‌മെന്റ്’ സമർപ്പിക്കാനാണ് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ലക്ഷ്യമിടുന്നത്. ദശാബ്ദങ്ങളായി തുടരുന്ന മയക്കുമരുന്ന് ഭീകരവാദ ഗൂഢാലോചനയിൽ മഡുറോയ്ക്കും ഭാര്യയ്ക്കും നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലാണ് ഈ നീക്കത്തിന് പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. രാജ്യത്തുനിന്ന് കോടിക്കണക്കിന് ഡോളർ തട്ടിയെടുക്കുന്നതിനൊപ്പം ലഹരിക്കടത്തുകാർക്ക് രാഷ്ട്രീയവും സൈനികവുമായ സംരക്ഷണം നൽകിയെന്നതാണ് മഡുറോയ്ക്കെതിരെയുള്ള പ്രധാന ആരോപണം.
അമേരിക്കൻ ജനതയുടെ ആരോഗ്യത്തെയും സുരക്ഷയെയും തകർക്കുന്നതിനായി മഡുറോ ബോധപൂർവ്വം കൊക്കെയ്നെ ഒരു ആയുധമായി ഉപയോഗിച്ചുവെന്ന് ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റിലെ മുൻ യുഎസ് അറ്റോർണി ജെഫ്രി ബെർമൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലേക്ക് വലിയ തോതിൽ ലഹരിമരുന്ന് ഒഴുക്കി രാജ്യത്തെ ദുർബലപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. വെനിസ്വേലയുടെ അധികാരശ്രേണിയിൽ ഉയർന്നു വരുന്ന കാലം മുതൽക്കേ മഡുറോ ഒരു അക്രമാസക്തമായ മയക്കുമരുന്ന് സംഘത്തെ നയിച്ചിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. മഡുറോയ്ക്ക് പുറമെ വെനിസ്വേലൻ ഗവൺമെന്റിലെയും ഇന്റലിജൻസ് വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥരും വിമത ഗ്രൂപ്പായ ആർമ്ഡ് ഫോഴ്‌സിലെ അംഗങ്ങളും ഉൾപ്പെടെ പത്തിലധികം പേർക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയിട്ടുണ്ട്.
ന്യൂയോർക്ക്, വാഷിംഗ്ടൺ, മിയാമി എന്നിവിടങ്ങളിലായി നിലനിൽക്കുന്ന വിവിധ കേസുകൾ ഏകോപിപ്പിച്ചുകൊണ്ട് മഡുറോയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വെനിസ്വേലയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ-നിയമ പ്രതിസന്ധിക്കാണ് ഇതോടെ തുടക്കമായിരിക്കുന്നത്. മഡുറോയുടെ ഭാര്യ സിലിയ ഫ്ലോറസിനെ കൂടി ഔദ്യോഗികമായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഭരണകൂടത്തിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കും. ഈ കേസിലെ വിചാരണ നടപടികൾ ലോകം അതീവ താല്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്.















