‘പുടിനെ സഹായിക്കുന്നതിനോട് യോജിക്കാനാവില്ല’, ട്രംപിന് വിമ‌ർശനം; റഷ്യയ്‌ക്കെതിരായ ഉപരോധം ലഘൂകരിച്ച നടപടിയിൽ അമ‌ർഷം പുകയുന്നു

ടെക്സാസ്: റഷ്യൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം ലഘൂകരിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ച് പ്രമുഖ റിപ്പബ്ലിക്കൻ നേതാവും വിദേശകാര്യ വിദഗ്ധനുമായ മൈക്കൽ മക്കോൾ രംഗത്ത്. അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കാനും അമേരിക്കൻ സൈനികരെ വകവരുത്താനും ഇറാനെ സഹായിക്കുന്ന റഷ്യയ്ക്ക് ഇത്തരമൊരു ആനുകൂല്യം നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പ്രമുഖ അന്താരാഷ്ട്ര വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മക്കോൾ തന്റെ നിലപാട് വ്യക്തമാക്കിയത്.

അമേരിക്കൻ സൈനിക താവളങ്ങളുടെയും കപ്പലുകളുടെയും വിമാനങ്ങളുടെയും സ്ഥാനത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ റഷ്യ ഇറാനുമായി പങ്കുവെക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തരം സൈനിക രഹസ്യങ്ങൾ കൈമാറുന്നതിലൂടെ ഇറാനെ യുദ്ധത്തിൽ സഹായിക്കുന്ന റഷ്യൻ നിലപാടിനെതിരെ കടുത്ത നടപടികൾ വേണമെന്നാണ് മക്കോളിന്റെ വാദം. ഉപരോധം പിൻവലിക്കുന്നത് റഷ്യയ്ക്ക് ലഭിക്കുന്ന പാരിതോഷികമായി മാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്നത് തടയാനാണ് റഷ്യൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം അമേരിക്ക ലഘൂകരിച്ചത്. ലോകത്തെ മൊത്തം അസംസ്‌കൃത എണ്ണയുടെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ തടഞ്ഞതോടെ രൂപപ്പെട്ട ഊർജ്ജ പ്രതിസന്ധി മറികടക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഈ നടപടി വിപണിയിൽ എണ്ണവില കുറയ്ക്കുന്നതിന് കാര്യമായ ഫലം കണ്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഗ്യാസ് വില കുറയ്ക്കാൻ പ്രസിഡന്റ് നടത്തുന്ന ശ്രമങ്ങൾ താൽക്കാലികമാണെന്ന് തനിക്കറിയാമെന്നും എന്നാൽ പുടിനെ സഹായിക്കുന്ന ഇത്തരമൊരു നീക്കത്തോട് യോജിക്കാനാവില്ലെന്നും മക്കോൾ വ്യക്തമാക്കി.

More Stories from this section

family-dental
witywide