
മനാമ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ, ബഹ്‌റൈനിലെ എല്ലാ അമേരിക്കൻ സർക്കാർ ജീവനക്കാർക്കും സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാൻ യുഎസ് എംബസി കർശന നിർദ്ദേശം നൽകി. ബഹ്‌റൈനിലുള്ള മറ്റ് അമേരിക്കൻ പൗരന്മാരും ഈ നിർദ്ദേശം പാലിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കൗൺസിലർ അഫയേഴ്‌സ് വിഭാഗം അറിയിച്ചു. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് എംബസിയിലെ എല്ലാ സാധാരണ കോൺസുലർ സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ തന്നെ കഴിയണമെന്നും ജനലുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൗരന്മാർക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ കരുതണമെന്നും എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയ കുറിപ്പിൽ അധികൃതർ വ്യക്തമാക്കി. ഇറാൻ-അമേരിക്ക സംഘർഷം ആരംഭിച്ചത് മുതൽ പലതവണ ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യമാണ് ബഹ്‌റൈൻ.
സൗദി അറേബ്യയുമായി കടൽപാലം വഴി ബന്ധിക്കപ്പെട്ടു കിടക്കുന്ന ഈ ചെറിയ ദ്വീപ് രാഷ്ട്രം തന്ത്രപ്രധാനമായ സൈനിക കേന്ദ്രം കൂടിയാണ്. അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനം ബഹ്‌റൈനിലാണ് എന്നതിനാലാണ് രാജ്യം ഇറാന്റെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നത്. വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിരിക്കുന്നത്.














