
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ്. സംഘർഷം ഉടൻ അവസാനിക്കുമെന്നും ഇത് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഇന്ധനവില കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എബിസി ന്യൂസിൻ്റെ ‘ദിസ് വീക്ക്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം എണ്ണ വിപണിയെ ബാധിക്കുമെന്ന് മുൻകൂട്ടി കണ്ടിരുന്നില്ലെന്ന ഡെമോക്രാറ്റുകളുടെ ആരോപണം റൈറ്റ് തള്ളി. ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ കെയ്‌നിൻ്റെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണം ഇതിനായി നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ വിലക്കയറ്റം ഒരു വലിയ ഭൗമരാഷ്ട്രീയ മാറ്റത്തിനായുള്ള താൽക്കാലിക പ്രയാസം മാത്രമാണെന്നും ബൈഡൻ ഭരണകാലത്തെ റെക്കോർഡ് വിലക്കയറ്റത്തേക്കാൾ കുറവാണ് ഇപ്പോഴത്തെ നിരക്കെന്നും റൈറ്റ് അവകാശപ്പെട്ടു.
അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ സ്ഥിതിഗതികൾ ശാന്തമാകുമെന്നും ഇന്ധനവില സാധാരണ നിലയിലാകുമെന്നുമാണ് യുഎസ് പ്രതീക്ഷിക്കുന്നത്. എന്നാൽ യുദ്ധകാല സാഹചര്യമായതിനാൽ ഇതിൽ ഉറപ്പൊന്നും നൽകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുദ്ധത്തെത്തുടർന്ന് ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുകയാണ്. കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾക്ക് യുഎസ് നാവികസേന ഉടൻ സംരക്ഷണം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ ഈ പാതയെ ആശ്രയിക്കുന്നതിനാൽ ഒരു അന്താരാഷ്ട്ര സഖ്യം രൂപീകരിച്ച് കടലിടുക്ക് വീണ്ടും തുറക്കാനാണ് ട്രംപ് ഭരണകൂടത്തിൻ്റെ നീക്കം. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാത തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. അമേരിക്കയിൽ യുദ്ധം തുടങ്ങിയ ശേഷം ഗാലന് ശരാശരി 76 സെൻ്റ് എന്ന നിരക്കിൽ പെട്രോൾ വില വർദ്ധിച്ചതായാണ് കണക്കുകൾ
US Energy Secretary Chris Wright says war with Iran will end within weeks; fuel prices will fall.















