ഇറാന്‍റെ കടുത്ത ഭീഷണി വന്നതോടെ യുഎസിന്‍റെ നിർണായക നീക്കം; ഖത്തറിലെ അൽ ഉദൈദ് എയർബേസിൽ നിന്ന് സൈനികരെ മാറ്റി

ദോഹ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമായ ഖത്തറിലെ അൽ ഉദൈദ് എയർബേസിൽ നിന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ ചില ഉദ്യോഗസ്ഥരോട് ഒഴിഞ്ഞുപോകാൻ അമേരിക്കൻ സൈന്യം നിർദേശം നൽകി. ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എങ്കിലും ഇത് ഒരു നിർബന്ധിത പിന്മാറ്റമാണോ അതോ സുരക്ഷാ ക്രമീകരണങ്ങൾക്ക് വേണ്ടിയുള്ള താത്കാലിക സ്ഥാനമാറ്റം മാത്രമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

ഇറാനിൽ പ്രക്ഷോഭകാരികൾക്കെതിരായ അടിച്ചമർത്തൽ തുടർന്നാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായി, അമേരിക്ക തങ്ങളുടെ മണ്ണിൽ ആക്രമണം നടത്തിയാൽ ഖത്തർ, സൗദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നശിപ്പിക്കുമെന്ന് ഇറാൻ ഭീഷണി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ഇറാന്റെ ആണവ സൗകര്യങ്ങൾക്കെതിരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായി ഇറാൻ അൽ ഉദൈദ് താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു എന്നത് ഓർക്കേണ്ടതാണ്.

നിലവിലെ സാഹചരണം കണക്കിലെടുത്ത് ഖത്തർ സർക്കാർ തങ്ങളുടെ പൗരന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ഉയർന്ന തലത്തിലുള്ള ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
സൈനികരുടെ സുരക്ഷയെ മുൻനിർത്തിയുള്ള മുൻകരുതൽ നടപടി മാത്രമാണിതെന്നാണ് അമേരിക്കയുടെ ഔദ്യോഗിക നിലപാട്. എന്നാൽ അമേരിക്ക ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അവരുടെ എല്ലാ സൈനിക താവളങ്ങളും തകർത്തുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനി വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൃത്യമായ ലക്ഷ്യം തൊടാൻ കഴിവുള്ള മിസൈലുകൾ ഇറാന്റെ കൈവശമുണ്ടെന്നത് അയൽരാജ്യങ്ങളെയും അമേരിക്കയെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനം ഉൾപ്പെടെയുള്ള നിർണായക കേന്ദ്രങ്ങളും ഇറാന്റെ നിരീക്ഷണത്തിലാണ്.

More Stories from this section

family-dental
witywide