
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലും അമേരിക്കയിലെ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. യുഎസിലെ പ്രമുഖ സുസ്ഥിര കൃഷി കമ്പനിയായ ‘പിവറ്റ് ബയോ’ സിഇഒ ക്രിസ് അബോട്ട് ആണ് ഈ ആശങ്ക പങ്കുവെച്ചത്. തന്റെ 15 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഇത്രയും വലിയൊരു വിതരണ തടസ്സം ഇതുവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി വന്നിരുന്ന കാർഷികാവശ്യത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വരവ് നിലച്ചതാണ് പ്രധാന കാരണം.
ലോകത്തെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിന്റെ 20 ശതമാനവും നൈട്രജൻ വളത്തിന്റെ 30 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. ഇതിന്റെ തടസ്സം അമേരിക്കൻ വളം നിർമ്മാണത്തെ ബാധിച്ചു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ യൂറിയയുടെ വിലയിൽ 50% മുതൽ 100% വരെ വർദ്ധനവാണ് ഉണ്ടായത്. പ്രത്യേകിച്ച് അമേരിക്കയുടെ വടക്കൻ മേഖലകളിൽ വില ഇരട്ടിയായി.
അമേരിക്കയിൽ കൃഷിയിറക്കുന്ന സീസൺ അടുത്തിരിക്കെയാണ് ഈ പ്രതിസന്ധി. ഭൂരിഭാഗം കർഷകരും ആവശ്യമായ വളത്തിന്റെ പകുതി പോലും ശേഖരിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ വിദേശത്തു നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കാതെ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ജൈവവളങ്ങളിലേക്കും പുതിയ സാങ്കേതിക വിദ്യകളിലേക്കും കർഷകർ മാറേണ്ടി വരുമെന്ന് ക്രിസ് അബോട്ട് ചൂണ്ടിക്കാട്ടി. യുദ്ധം നീണ്ടുപോയാൽ ഇത് ആഗോളതലത്തിൽ ഭക്ഷ്യവില വർദ്ധനവിനും കാരണമായേക്കാം.










