
ടെഹ്റാൻ/വാഷിംഗ്ടൺ: ഇറാനു മുകളിൽ പറക്കുകയായിരുന്ന അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടതായി റിപ്പോർട്ട്. ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട ഈ വിവരം മൂന്ന് യുഎസ് വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം തകർന്നുവീണ പശ്ചാത്തലത്തിൽ പൈലറ്റുമാരെ കണ്ടെത്താനായി അമേരിക്കൻ സൈന്യം വിപുലമായ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, കാണാതായ ജീവനക്കാർക്കായുള്ള തിരച്ചിൽ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. ശത്രുരാജ്യത്തിന്റെ പൈലറ്റിനെയോ പൈലറ്റുമാരെയോ പിടികൂടി നൽകുന്നവർക്ക് വൻ തുക പ്രതിഫലം നൽകുമെന്ന് മറ്റൊരു മാധ്യമമായ ഫാർസ് ന്യൂസ് അറിയിച്ചു. വിമാനം ഇറാന്റെ ഏത് ഭാഗത്താണ് തകർന്നുവീണതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സംഭവത്തെക്കുറിച്ചോ പൈലറ്റുമാരുടെ നിലവിലെ അവസ്ഥയെക്കുറിച്ചോ അമേരിക്കൻ പ്രതിരോധ മന്ത്രാലയമോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാന്റെ മധ്യഭാഗത്തുള്ള ഖുസെസ്ഥാൻ പ്രവിശ്യയിൽ സൈനിക വിമാനങ്ങൾ താഴ്ന്നുപറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടെഹ്റാനിൽ നിന്ന് ഏകദേശം 470 കിലോമീറ്റർ തെക്ക് മാറി കാരൂൺ നദിക്ക് മുകളിലുള്ള പാലത്തിൽ നിന്ന് ചിത്രീകരിച്ച ഈ ദൃശ്യങ്ങളിൽ, ഒരു വിമാനവും അതിനെ പിന്തുടരുന്ന രണ്ട് ഹെലികോപ്റ്ററുകളും കാണാം. ഇത് രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ സംഘർഷത്തിനിടെ ഇറാനിൽ വെച്ച് ഒരു അമേരിക്കൻ വിമാനം വെടിവെച്ചിടുന്നത് ഇതാദ്യമായാണ്. യുദ്ധത്തിന്റെ തുടക്കത്തിൽ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ മൂന്ന് എഫ്-15 വിമാനങ്ങൾ വെടിവെച്ചിട്ടിരുന്നുവെങ്കിലും ശത്രുരാജ്യത്തിന്റെ ആക്രമണത്തിൽ വിമാനം തകരുന്നത് ഇപ്പോഴാണ്. മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് ഈ സംഭവം കാരണമായേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്.














