
വാഷിംഗ്ടൺ: ഇറാൻ-അമേരിക്കൻ സൈനിക സംഘർഷം ആഗോള ഇന്ധന വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. അമേരിക്കയിൽ ഗ്യാസോലിൻ (പെട്രോൾ) വിലയിൽ ഒറ്റയടിക്ക് 11 സെന്റിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ ഒരു ഗാലൻ പെട്രോളിന് ശരാശരി 3.11 ഡോളറാണ് വിലയെന്ന് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ അറിയിച്ചു. 2005-ലെ കത്രീന കൊടുങ്കാറ്റിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന വിലവർദ്ധനവാണിത്. അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തുന്ന ആക്രമണങ്ങളും, ഇതിനെത്തുടർന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് അടച്ചതുമാണ് വിലവർദ്ധനവിന് പ്രധാന കാരണമായത്.
ഇതിന് പുറമെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയതും വിപണിയെ പരിഭ്രാന്തിയിലാക്കി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ യുഎസ് എണ്ണവില 7 ശതമാനം വർധിച്ച് 76 ഡോളറിലെത്തി. തിങ്കളാഴ്ചയും വിലയിൽ 6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ തുടർച്ചയായി മൂന്ന് മാസത്തോളം ഗാലന് 3 ഡോളറിൽ താഴെയായിരുന്നു അമേരിക്കയിലെ ഇന്ധനവില.
ചൊവ്വാഴ്ചത്തെ വർദ്ധനവോടെ ഈ ആശ്വാസകരമായ സാഹചര്യം അവസാനിച്ചു. നിലവിലെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു സെന്റ് കൂടുതലാണെന്ന് മാത്രമല്ല, 2025 ജനുവരിയിൽ ജോ ബൈഡൻ ഭരണകൂടം പടിയിറങ്ങിയ സമയത്തെ വിലനിലവാരത്തിന് തുല്യമായി മാറുകയും ചെയ്തു. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഇന്ധനവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.














