
വാഷിംഗ്ടൺ: ബജറ്റിന് കോൺഗ്രസ് അംഗീകാരം നൽകാതെ ധനസഹായത്തിനുള്ള സമയപരിധി അവസാനിച്ചതോടെ, ശനിയാഴ്ച യുഎസ് സർക്കാർ ഭാഗികമായി അടച്ചുപൂട്ടി. എന്നാൽ, സെനറ്റ് അംഗീകരിച്ച കരാർ അടുത്ത ആഴ്ച ആദ്യം തന്നെ ജനപ്രതിനിധി സഭ ശരിവെക്കാൻ നീക്കം നടത്തുന്നതിനാൽ ഈ പ്രതിസന്ധി വലിയ ആഘാതമുണ്ടാക്കില്ലെന്നാണ് കരുതപ്പെടുന്നത്. മിനിയാപൊളിസിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാർ രണ്ട് പ്രതിഷേധക്കാരെ വെടിവെച്ചു കൊന്നതിൽ ഡെമോക്രാറ്റുകൾക്കിടയിലുണ്ടായ പ്രതിഷേധത്തെത്തുടർന്ന് ചർച്ചകൾ തടസ്സപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്കുള്ള പുതിയ ഫണ്ട് അനുവദിക്കുന്ന കാര്യത്തിലാണ് ഇതേത്തുടർന്ന് ചർച്ചകൾ വഴിമുട്ടിയത്.
വെള്ളിയാഴ്ച രാത്രി വൈകി സെനറ്റ് ഒരു ധനസഹായ പാക്കേജ് അംഗീകരിച്ചിരുന്നു. എന്നാൽ, സഭയിലെ അംഗങ്ങൾ അവധിയിലായതിനാൽ ഇത് ഉടൻ നിയമമായില്ല.
ജനപ്രതിനിധി സഭ തിങ്കളാഴ്ച (ഫെബ്രുവരി 2) തിരിച്ചെത്തി ബില്ല് പാസാക്കുന്നതോടെ ഈ പ്രതിസന്ധി അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രതിരോധം, ആരോഗ്യം, വിദേശകാര്യം തുടങ്ങിയ പ്രധാന വകുപ്പുകളെ ഇത് ബാധിച്ചേക്കാം. എന്നാൽ അവശ്യ സേവനങ്ങൾ തുടരും. 2025 അവസാനത്തിലുണ്ടായ 43 ദിവസത്തെ റെക്കോർഡ് ദൈർഘ്യമുള്ള അടച്ചുപൂട്ടലിന് ശേഷം ഈ സാമ്പത്തിക വർഷം നടക്കുന്ന രണ്ടാമത്തെ ഷട്ട്ഡൗണാണിത്.
US government partially shuts down















