
ടെഹ്റാൻ: ഇറാനിൽ നടത്തിയ അതിശക്തവും കൃത്യവുമായ ആക്രമണങ്ങളിലൂടെ മേഖലയിൽ പൂർണ്ണമായ വ്യോമാധിപത്യം സ്ഥാപിക്കാൻ അമേരിക്കയ്ക്ക് സാധിച്ചതായി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ. പെന്റഗണിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതിവേഗത്തിലും പ്രഹരശേഷിയുള്ളതുമായ ആക്രമണങ്ങൾ ഇറാൻ പ്രതിരോധത്തെ നിഷ്ക്രിയമാക്കിയെന്നും, ഇത് അമേരിക്കൻ സൈന്യത്തിന് കൂടുതൽ സുരക്ഷിതമായി തങ്ങളുടെ ദൗത്യം തുടരാൻ അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ സൈനിക സന്നാഹങ്ങൾ തിങ്കളാഴ്ചയും മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ജനറൽ കെയ്ൻ വ്യക്തമാക്കി. ആയിരക്കണക്കിന് സൈനികർക്ക് പുറമെ, നാലും അഞ്ചും തലമുറയിൽപ്പെട്ട നൂറുകണക്കിന് യുദ്ധവിമാനങ്ങൾ, ഇന്ധനം നിറയ്ക്കുന്നതിനുള്ള ടാങ്കറുകൾ, ലിങ്കൺ – ഫോർഡ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പുകൾ എന്നിവയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ മിസൈലുകൾ, ഇന്ധനം, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ വലിയൊരു ശേഖരവും വിപുലമായ രഹസ്യാന്വേഷണ നിരീക്ഷണ ശൃംഖലയും സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സെന്റ്‌കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറിന് കീഴിൽ കൂടുതൽ സേന വിഭാഗങ്ങൾ ഇന്ന് ചുമതലയേൽക്കും.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി മിഡിൽ ഈസ്റ്റിൽ അമേരിക്ക നടത്തിവന്ന സൈനിക ഒരുക്കങ്ങൾ ഇറാനെ പൂർണ്ണമായും അമ്പരപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും സഹായിച്ചുവെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ബഹിരാകാശ-സൈബർ പ്രവർത്തനങ്ങളെ തകർത്തതിലൂടെ ശത്രുപക്ഷത്തിന്റെ ഏകോപനവും തിരിച്ചടിക്കാനുള്ള ശേഷിയും ഇല്ലാതാക്കാൻ സാധിച്ചുവെന്നും ജനറൽ കെയ്ൻ അവകാശപ്പെട്ടു. ഇതോടെ ഇറാന്റെ പ്രതിരോധ ശൃംഖലയ്ക്ക് അമേരിക്കൻ നീക്കങ്ങൾ നിരീക്ഷിക്കാനോ ഫലപ്രദമായി പ്രതികരിക്കാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം സൂചിപ്പിച്ചു.














