
വാഷിംഗ്ടൺ: അമേരിക്കൻ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്‍റെ ഭാഗമായി ഡോണൾഡ് ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികൾ കോടതിയുടെ കടുത്ത നിരീക്ഷണത്തിലിരിക്കെ, എൽ സാൽവഡോർ സ്വദേശിയായ കിൽമർ അബ്രേഗോ ഗാർസിയയെ വീണ്ടും തടവിലാക്കാൻ പദ്ധതിയില്ലെന്ന് കുടിയേറ്റ അധികൃതർ ഫെഡറൽ കോടതിയെ അറിയിച്ചു. കോടതിയുടെ നിലവിലുള്ള നിരോധന ഉത്തരവ് നിലനിൽക്കുന്നിടത്തോളം അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കില്ലെന്നാണ് ചൊവ്വാഴ്ച സമർപ്പിച്ച കോടതി രേഖകൾ വ്യക്തമാക്കുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നടപടികളിൽ വലിയ വിവാദമായ ഒന്നായിരുന്നു ഗാർസിയയുടെ കേസ്. നേരത്തെ അബദ്ധവശാൽ ഇദ്ദേഹത്തെ അമേരിക്കയിൽ നിന്നും എൽ സാൽവഡോറിലേക്ക് നാടുകടത്തിയിരുന്നു. അവിടെ തടവിലായ ഇദ്ദേഹത്തെ പിന്നീട് കോടതി ഇടപെട്ടാണ് തിരികെ അമേരിക്കയിലേക്ക് എത്തിച്ചത്.
ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി പോള സിനിസ് നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഗാർസിയയെ വീണ്ടും കസ്റ്റഡിയിലെടുക്കില്ലെന്നോ നാടുകടത്തില്ലെന്നോ ഉള്ള കോടതി ഉത്തരവുകൾ പാലിക്കാൻ ഫെഡറൽ ഉദ്യോഗസ്ഥരെ വിശ്വസിക്കാനാകുമോ എന്ന ആശങ്ക ജഡ്ജി ഉന്നയിച്ചിരുന്നു. ഗാർസിയയ്ക്ക് കുപ്രസിദ്ധമായ എംഎസ്-13 ഗാംഗുമായി ബന്ധമുണ്ടെന്ന് ട്രംപ് ഭരണകൂടം ആരോപിച്ചിരുന്നെങ്കിലും അദ്ദേഹം ഇത് ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല, അദ്ദേഹത്തിനെതിരെ ക്രിമിനൽ കുറ്റങ്ങളൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കോടതി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.















