
വാഷിംഗ്ടൺ: അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി (DHS) വകുപ്പിൻ്റെ നേതൃത്വത്തിൽ മാറ്റങ്ങൾ വരുന്നതോടെ ഇമിഗ്രേഷൻ പരിശോധനകൾ കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്. എൻഫോഴ്‌സ്‌മെൻ്റ് വിഭാഗമായ ഐ.സി.ഇ (ICE) വരും ദിവസങ്ങളിൽ കൂടുതൽ സംഘടിതമായും കൃത്യമായ ലക്ഷ്യത്തോടെയും നീങ്ങാൻ സാധ്യതയുണ്ടെന്ന് ഇമിഗ്രേഷൻ അറ്റോർണി സെക്യൂ ക്ലർക്ക് വ്യക്തമാക്കി. ഭരണമാറ്റത്തിനൊപ്പം എൻഫോഴ്‌സ്‌മെന്റ് രീതികളിലും മാറ്റം വരുമെന്നതിനാൽ ഗ്രീൻ കാർഡ് ഉടമകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈ സാഹചര്യത്തിൽ ഗ്രീൻ കാർഡ് ഉടമകൾ തങ്ങളുടെ പദവി സുരക്ഷിതമാക്കാൻ താഴെ പറയുന്ന അഞ്ച് കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.
നികുതി രേഖകൾ കൃത്യമാക്കുക (Fix your taxes)
നികുതി സംബന്ധമായ പിശകുകൾ അമേരിക്കയിൽ ഗുരുതരമായ ക്രിമിനൽ കുറ്റമായി കണക്കാക്കാം. അതിനാൽത്തന്നെ ഗ്രീൻ കാർഡ് ഉടമകൾ ടാക്സ് ഫയൽ ചെയ്യുമ്പോൾ യാതൊരുവിധ വീഴ്ചയും വരുത്തരുത്. നികുതി കുടിശ്ശികയോ തെറ്റായ വിവരങ്ങളോ ഇമിഗ്രേഷൻ അന്വേഷണങ്ങൾക്ക് വഴിതെളിച്ചേക്കാം.
ദീർഘകാല വിദേശയാത്രകൾ ഒഴിവാക്കുക (Avoid long trips)
ആറ് മാസത്തിൽ കൂടുതൽ അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്നത് ഒഴിവാക്കണം എന്നതാണ് മറ്റൊരു സുപ്രധാന നിർദേശം. ഇത് നിങ്ങളുടെ ‘തുടർച്ചയായ താമസം’ (Continuous residency) എന്ന നിബന്ധനയെ ബാധിക്കുകയും ഗ്രീൻ കാർഡ് ഉപേക്ഷിച്ചതായി കണക്കാക്കാൻ കാരണമാവുകയും ചെയ്യും. നിലവിലെ നിയമങ്ങൾ കൂടുതൽ കർശനമായി പരിശോധിക്കപ്പെടുമെന്നതിനാൽ വിദേശയാത്രകളിൽ ജാഗ്രത വേണമെന്ന് സാരം.
തെളിവുകൾ ശക്തമാക്കുക (Strengthen evidence)
വിവാഹം മുഖേന ഗ്രീൻ കാർഡ് ലഭിച്ചവർ തങ്ങളുടെ ദാമ്പത്യം തെളിയിക്കുന്ന രേഖകൾ (Lease agreements, Joint accounts) കൃത്യമായി സൂക്ഷിക്കണം. രേഖകളിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാകരുത്. ഉദാഹരണത്തിന്, വിവാഹിതരാണെന്ന് അവകാശപ്പെടുകയും എന്നാൽ ടാക്സ് ഫയൽ ചെയ്യുമ്പോൾ ‘സിംഗിൾ’ എന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നത് വലിയ നിയമക്കുരുക്കിന് വഴിവെക്കും. ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം.
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ശ്രദ്ധിക്കുക (Clean social media)
ഇമിഗ്രേഷൻ വിഭാഗം അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. വംശീയ അധിക്ഷേപങ്ങൾ, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ എന്നിവ അക്കൗണ്ടുകളിൽ ഉണ്ടെങ്കിൽ അത് ഒഴിവാക്കണം. അക്കൌണ്ട് പരിശോധനയ്ക്ക് വിധേയമാകുമെന്ന് മനസിലാക്കി വേണം പോസ്റ്റുകൾ ഇടാനും മറ്റും.
സ്വയം പരിശോധന നടത്തുക (Audit your case)
അമേരിക്കൻ പൗരത്വത്തിന് (Naturalization) അപേക്ഷിക്കുന്നതിന് മുമ്പ് പഴയ ഇമിഗ്രേഷൻ ഫയലുകളും ക്രിമിനൽ പശ്ചാത്തലവും കൃത്യമായി പരിശോധിക്കുക. മുൻപ് എന്തെങ്കിലും നിയമപ്രശ്നങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് തന്നെ അവ പരിഹരിക്കാൻ ശ്രമിക്കണം.
US immigration rules are getting stricter: Green card holders should not ignore these 5 things
















