
വാഷിംഗ്ടൺ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം രണ്ടാഴ്ച പിന്നിടുമ്പോഴും ഇറാനിലെ ഭരണകൂടത്തിന് കാര്യമായ ഉലച്ചിൽ തട്ടിയിട്ടില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പുതിയ വിലയിരുത്തൽ. അതിശക്തമായ ബോംബാക്രമണങ്ങളിലൂടെ ഇറാന്‍റെ മിസൈൽ ശേഷി തകർക്കാനും പരമോന്നത നേതാവ് അടക്കമുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരെ വധിക്കാനും സഖ്യകക്ഷികൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്തെ ഭരണനിയന്ത്രണം കൈവിടുന്ന രീതിയിലുള്ള വലിയൊരു തകർച്ച ഇറാനിൽ ഇതുവരെ സംഭവിച്ചിട്ടില്ലെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇറാന്റെ മിസൈൽ, ആണവ, നാവിക ശേഷികൾ നശിപ്പിക്കുക എന്നതിലേക്ക് യുദ്ധലക്ഷ്യങ്ങൾ ട്രംപ് ഭരണകൂടം ഇപ്പോൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഭരണകൂട മാറ്റം യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമല്ലെന്നും മറിച്ച് യുദ്ധത്തിന്റെ ഒരു ഉപഫലം മാത്രമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, യുദ്ധത്തിന്റെ തുടക്കത്തിൽ അരനൂറ്റാണ്ടുകാലമായി ടെഹ്‌റാനിലുള്ള ‘ഭീകര ഭരണകൂടത്തെ’ അവസാനിപ്പിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. ഇറാൻ ജനത ഒന്നടങ്കം എഴുന്നേറ്റ് നിന്ന് സർക്കാരിനെ പുറത്താക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ ആഹ്വാനം.
ആക്രമണങ്ങൾ അവസാനിപ്പിക്കണമെങ്കിൽ ഇറാൻ ‘നിരുപാധികമായി കീഴടങ്ങണം’ എന്ന കർക്കശ നിലപാടിലാണ് ട്രംപ് ഇപ്പോഴുള്ളത്. എന്നാൽ, ഈ കീഴടങ്ങൽ പ്രഖ്യാപനം ഇറാൻ ഭരണകൂടമല്ല, മറിച്ച് ട്രംപ് തന്നെയാകും നടത്തുക എന്നാണ് അദ്ദേഹത്തിന്റെ സഹായികൾ നൽകുന്ന സൂചന. ഭരണമാറ്റത്തേക്കാൾ ഇറാന്റെ സൈനിക നട്ടെല്ല് ഒടിക്കുന്നതിനാണ് നിലവിൽ വൈറ്റ് ഹൗസ് മുൻഗണന നൽകുന്നത്.














