അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ ഗുരുതര വെളിപ്പെടുത്തൽ, ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു; ‘അത്യാധുനിക സാങ്കേതിക വിദ്യകൾ ചൈനയ്ക്കുണ്ട്’

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും അത്യാധുനികമായ ആണവായുധ ശേഖരം കെട്ടിപ്പടുക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ. വടക്കുപടിഞ്ഞാറൻ ചൈനയിലെ ലോപ് നൂർ പരീക്ഷണ കേന്ദ്രത്തിൽ 2020 ജൂണിലാണ് സ്ഫോടനം നടന്നതെന്ന് യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1996 മുതൽ ആണവ പരീക്ഷണങ്ങൾക്ക് ചൈന സ്വയം ഏർപ്പെടുത്തിയ നിരോധനം നിലനിൽക്കെയാണ് 2020-ൽ അതീവ രഹസ്യമായി ഈ പരീക്ഷണം നടത്തിയത്.

ഈ മാസമാദ്യം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഈ സ്ഫോടന വിവരം പരസ്യപ്പെടുത്തിയെങ്കിലും, അതിന്റെ യഥാർത്ഥ ലക്ഷ്യം ഇപ്പോഴാണ് പുറത്തുവരുന്നത്. കേവലം മിസൈൽ ശേഷി വർദ്ധിപ്പിക്കുകയല്ല, മറിച്ച് അടുത്ത തലമുറ ആണവായുധങ്ങൾ വികസിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഒരൊറ്റ മിസൈലിൽ നിന്ന് വിക്ഷേപിക്കാവുന്ന ഒന്നിലധികം ലഘുവായ ആണവ പോർമുനകൾ നിർമ്മിക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. നിലവിൽ ആണവശക്തിയിൽ മുന്നിലുള്ള അമേരിക്കയ്ക്കും റഷ്യയ്ക്കും ഒപ്പമെത്താനും, സാങ്കേതികമായി അവരെ മറികടക്കാനുമാണ് ചൈനയുടെ നീക്കം.

റഷ്യയോ അമേരിക്കയോ നിലവിൽ കൈവശം വെച്ചിട്ടില്ലാത്ത അത്യാധുനിക സാങ്കേതിക വിദ്യകൾ ചൈന സ്വന്തമാക്കിയേക്കാമെന്ന് യുഎസ് ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നു. ചൈനയുടെ ആണവ നയത്തിൽ വന്ന ഈ മാറ്റം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രതിരോധത്തിന് വേണ്ടി മാത്രം ആണവായുധം എന്ന മുൻ നിലപാടിൽ നിന്ന് ആക്രമിച്ച് കീഴടക്കുക എന്ന ലക്ഷ്യത്തിലേക്ക് ബീജിംഗ് നീങ്ങുകയാണോ എന്ന് ഇന്റലിജൻസ് ഏജൻസികൾ സംശയിക്കുന്നു. ചൈനയുടെ ഈ നീക്കം ഏഷ്യ-പസഫിക് മേഖലയിൽ പുതിയൊരു ആയുധ മത്സരത്തിന് കാരണമായേക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.

More Stories from this section

family-dental
witywide