
വാഷിംഗ്ടൺ: അഞ്ച് ആഴ്ചയായി തുടരുന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്കിടയിലും ഇറാൻ്റെ പക്കൽ പകുതിയോളം മിസൈൽ ലോഞ്ചറുകളും ആയിരക്കണക്കിന് ഡ്രോണുകളും ഇപ്പോഴും അവശേഷിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഇറാൻ്റെ സൈനിക ശേഷി പൂർണ്ണമായും തകർത്തെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെയും വൈറ്റ് ഹൗസിൻ്റെയും പരസ്യ പ്രസ്താവനകളെ ചോദ്യം ചെയ്യുന്നതാണ് പുറത്തുവന്ന പുതിയ റിപ്പോർട്ടുകൾ.
ഇറാൻ്റെ പക്കലുള്ള മിസൈൽ ലോഞ്ചറുകളിൽ പകുതിയോളം ഇപ്പോഴും സുരക്ഷിതമാണ്. ഭൂമിക്കടിയിലെ ടണലുകളിൽ ഒളിപ്പിച്ചിരിക്കുന്നവയും ഇതിൽ ഉൾപ്പെടുന്നു. ഇറാൻ സൈന്യത്തിൻ്റെ പക്കലുണ്ടായിരുന്ന ചാവേർ ഡ്രോണുകളുടെ 50 ശതമാനത്തോളം ഇപ്പോഴും നശിപ്പിക്കപ്പെട്ടിട്ടില്ല.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകാൻ ശേഷിയുള്ള ഇറാൻ്റെ തീരദേശ ക്രൂയിസ് മിസൈലുകളും കാര്യമായി നശിപ്പിക്കപ്പെട്ടിട്ടില്ല. എന്നാൽ ഈ റിപ്പോർട്ടുകൾ പെൻ്റഗൺ വക്താവ് ഷോൺ പാർനെൽ തള്ളി. ഇറാൻ്റെ സൈനിക ശേഷി തകർക്കുന്നതിൽ തങ്ങൾ നിശ്ചയിച്ചതിലും മുന്നിലാണെന്നും മിസൈൽ ആക്രമണങ്ങളിൽ 90 ശതമാനം കുറവുണ്ടായെന്നും വൈറ്റ് ഹൗസ് അവകാശപ്പെടുന്നു.
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ വരുത്താനുള്ള ശേഷി ഇറാന് ഇപ്പോഴുമുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ വഴി വരും ആഴ്ചകളിൽ ഇറാനെ പൂർണ്ണമായും നിരായുധമാക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
US intelligence report says half of Iran’s missile capability has not been destroyed; officials reject Trump’s claims














