
ജനീവ: ആണവ വിഷയത്തിലും ഉപരോധങ്ങൾ നീക്കുന്നതിലും സുപ്രധാനമായ ചർച്ചകളുമായി അമേരിക്കയും ഇറാനും സ്വിറ്റ്സർലൻഡിലെ ജനീവയിൽ കൂടിക്കാഴ്ച നടത്തി. ഇരുവിഭാഗവും അതീവ ഗൗരവത്തോടെയാണ് ചർച്ചകളെ സമീപിക്കുന്നതെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ആണവ പദ്ധതി നിയന്ത്രിക്കുന്നതിനെക്കുറിച്ചും സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകുന്നതിനെക്കുറിച്ചും വളരെ പ്രായോഗികവും സുപ്രധാനവുമായ നിർദ്ദേശങ്ങൾ ഇരുപക്ഷവും മുന്നോട്ടുവെച്ചതായി ഇറാൻ അറിയിച്ചു.
ഒമാന്റെ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയാണ് ഈ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നർ എന്നിവരാണ് അമേരിക്കൻ സംഘത്തെ നയിക്കുന്നത്. ഇറാനു വേണ്ടി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും പങ്കെടുക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ചർച്ചകളിൽ ചെറിയ ഇടവേള ഉണ്ടായിരുന്നു. സംഘങ്ങൾ തമ്മിലുള്ള ആഭ്യന്തര കൂടിയാലോചനകൾക്കായിട്ടായിരുന്നു ഇത്. ഇന്ത്യൻ സമയം ഏകദേശം അർദ്ധരാത്രിയോടെ ചർച്ചകൾ പുനരാരംഭിച്ചു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി തലവൻ റാഫേൽ ഗ്രോസിയും ചർച്ചകളിൽ സാങ്കേതിക നിരീക്ഷകനായി പങ്കെടുക്കുന്നുണ്ട്. ഇറാന്റെ ആണവ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കും.














