
മ്യൂണിക്ക്: യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കൻ സൈനിക ശക്തിയിലുള്ള അമിത ആശ്രിതത്വം കുറയ്ക്കണമെന്നും വാഷിംഗ്ടൺ ഒരിക്കലും യൂറോപ്പിനെ ഒരു ‘കീഴ്ഘടകമായി’ കാണുന്നില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. സ്ലൊവാക്യയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം അമേരിക്കയുടെ വിദേശനയം വ്യക്തമാക്കിയത്. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സഖ്യകക്ഷികൾക്കിടയിലുണ്ടായ ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമ്പോഴും, വിവിധ വിഷയങ്ങളിൽ യൂറോപ്പ് തങ്ങളുടെ നിലപാട് മാറ്റണമെന്ന മുൻ ആവശ്യത്തിൽ നിന്ന് യുഎസ് പിന്നോട്ട് പോയിട്ടില്ലെന്ന് റൂബിയോ ഓർമ്മിപ്പിച്ചു.
നാറ്റോ സഖ്യം തങ്ങളുടെ സ്വന്തം കഴിവുകൾ വർദ്ധിപ്പിക്കുന്നത് അമേരിക്കയ്ക്ക് ഭീഷണിയല്ലെന്നും, മറിച്ച് അത് അമേരിക്കയുമായി ചേർന്നുനിന്നുള്ള ശക്തമായ മുന്നേറ്റമാണെന്നും അദ്ദേഹം ബ്രാറ്റിസ്ലാവയിൽ പറഞ്ഞു. രണ്ടാം ട്രംപ് ഭരണകൂടത്തിന് കീഴിൽ അമേരിക്കൻ വിദേശനയത്തിലുണ്ടായ മാറ്റങ്ങളിൽ ബ്രസ്സൽസിലെ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ച ആശങ്കകളെ റൂബിയോ തള്ളിക്കളഞ്ഞു. യൂറോപ്പ് അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിൽ തങ്ങൾക്ക് പരാതിയില്ലെന്നും, 2016-ൽ ആദ്യമായി അധികാരമേറ്റത് മുതൽ നാറ്റോ കൂടുതൽ കരുത്താർജ്ജിക്കണമെന്നാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ അമേരിക്കയെ ‘യൂറോപ്പിന്റെ സന്തതി’ എന്ന് വിശേഷിപ്പിച്ച റൂബിയോയുടെ വാക്കുകൾ വലിയ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ഇരു ഭൂഖണ്ഡങ്ങൾക്കുമിടയിലുള്ള സാംസ്കാരികവും ചരിത്രപരവും മതപരവുമായ ആഴത്തിലുള്ള ബന്ധങ്ങളെ അടിവരയിട്ടുകൊണ്ടാണ് അദ്ദേഹം ഈ ഉപമ ആവർത്തിച്ചത്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്ന വേളയിൽ യൂറോപ്യൻ രാജ്യങ്ങൾ സ്വന്തം നിലയിൽ കരുത്തരാകുന്നത് ഇരുപക്ഷത്തിനും ഗുണകരമാകുമെന്ന സന്ദേശമാണ് റൂബിയോ നൽകുന്നത്.















