വിദ്യാർഥി വായ്പാ നിയന്ത്രണം: ട്രംപ് ഭരണകൂടത്തിന് തിരിച്ചടി, പുതിയ ചട്ടം കോടതി തടഞ്ഞു

വാഷിങ്ടൺ: നഴ്സിങ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലകളിൽ ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാർഥികൾക്കുള്ള ഫെഡറൽ വിദ്യാഭ്യാസ വായ്പയുടെ പരിധി കുറയ്ക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ പുതിയ ചട്ടം അമേരിക്കൻ ഫെഡറൽ കോടതി തടഞ്ഞു. ജൂലൈ 1 മുതൽ ചട്ടം നടപ്പാക്കാനിരിക്കെയായിരുന്നു വാഷിങ്ടണിലെ യു.എസ്. ജില്ലാ ജഡ്ജി ബെറിൽ ഹോവലിന്റെ ഇടപെടൽ.

അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്ടീഷണേഴ്സ്, പി.എ. എജ്യുക്കേഷൻ അസോസിയേഷൻ എന്നിവയുൾപ്പെടെ എട്ട് വ്യാപാര സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി നടപടി. വിധി നഴ്സിങ്, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, വിവാഹ-കുടുംബ കൗൺസിലിങ് തുടങ്ങിയ മേഖലകളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് ആശ്വാസമാകുമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ ഡെമോക്രസി ഫോർവേഡ് സംഘടന അറിയിച്ചു.

ഇത്തരം നിർണായക മേഖലകളിലേക്ക് വിദ്യാർഥികൾ എത്താൻ സർക്കാർ പ്രോത്സാഹനം നൽകേണ്ടതാണെന്നും തടസ്സങ്ങൾ സൃഷ്ടിക്കരുതെന്നും സംഘടന വ്യക്തമാക്കി. അതേസമയം, കോടതി വിധി പരിശോധിച്ചുവരികയാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും യു.എസ്. വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സർവകലാശാലകൾ ചെലവ് നിയന്ത്രിക്കാൻ പുതിയ വായ്പാ പരിധികൾ സഹായിക്കുമെന്നായിരുന്നു വകുപ്പിന്റെ നിലപാട്.

2025-ൽ കോൺഗ്രസ് പാസാക്കിയ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് മേയ് ഒന്നിന് പുതിയ ചട്ടം പുറത്തിറക്കിയത്. ഇതോടെ ബിരുദാനന്തര വിദ്യാർഥികൾക്ക് പഠനച്ചെലവിന്റെ മുഴുവൻ തുകയും വായ്പയായി ലഭിച്ചിരുന്ന ഒരു പദ്ധതി അവസാനിപ്പിക്കുകയും മറ്റ് വായ്പകൾക്ക് പുതിയ പരിധി നിശ്ചയിക്കുകയും ചെയ്തു. പുതിയ വ്യവസ്ഥ പ്രകാരം നിയമം, മെഡിസിൻ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിലെ വിദ്യാർഥികൾക്ക് പ്രതിവർഷം 50,000 ഡോളറും ആകെ 2 ലക്ഷം ഡോളറും വരെ മാത്രമേ വായ്പ ലഭിക്കൂ. മറ്റ് ബിരുദാനന്തര കോഴ്സുകളിലെ വിദ്യാർഥികൾക്ക് പ്രതിവർഷം 20,500 ഡോളറും ആകെ ഒരു ലക്ഷം ഡോളറും വരെയാണ് പരിധി.

അതേസമയം, ‘പ്രൊഫഷണൽ ഡിഗ്രി’ എന്ന നിർവചനത്തിൽ മാറ്റം വരുത്തി നിയമം, മെഡിസിൻ, ദന്തചികിത്സ, ദൈവശാസ്ത്രം ഉൾപ്പെടെ 11 മേഖലകളിലെ ചില കോഴ്സുകൾക്ക് മാത്രമായി വിദ്യാഭ്യാസ വകുപ്പ് ചുരുക്കുകയായിരുന്നു. എന്നാൽ, 2025-ലെ നിയമം പാസാക്കുമ്പോൾ 2007 മുതൽ നിലവിലുണ്ടായിരുന്ന നിർവചനമാണ് കോൺഗ്രസ് അംഗീകരിച്ചതെന്നും അത് മാറ്റാൻ വിദ്യാഭ്യാസ വകുപ്പിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. അതിനാൽ പുതിയ ചട്ടം ഭരണനടപടി നിയമത്തിന് വിരുദ്ധമാണെന്നും പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് റദ്ദാക്കണമെന്നും ജഡ്ജി ഉത്തരവിട്ടു.

എന്നിരുന്നാലും, കോൺഗ്രസ് കൊണ്ടുവന്ന പുതിയ വായ്പാ പരിധികൾ പൂർണമായും തടയാൻ കോടതി തയ്യാറായില്ല. പരിധിയില്ലാത്ത വായ്പാ പദ്ധതി അവസാനിപ്പിച്ച കോൺഗ്രസിന്റെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

US judge blocks Trump administration’s new student loan restrictions