‘മാപ്പ് തരൂ, പദവി വേണ്ട, കോൺഗ്രസുകാരിയായി മാറണം, അതുമാത്രമാണ് ആഗ്രഹം’; പ്രവർത്തകരോട് ക്ഷമാപണവുമായി പദ്മജ

ബിജെപി വിട്ടതിനു പിന്നാലെ വികാരപരമായ നിമിഷത്തിൽ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനമെന്ന് വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തകരോട് ക്ഷമാപണവുമായി പദ്മജ വേണുഗോപാൽ രംഗത്തെത്തി. കെ. കരുണാകരനെയും തന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് മടങ്ങിവരവിന് തയ്യാറെടുക്കുന്നതെന്നും, ഏതെങ്കിലും പദവി മോഹിച്ചല്ല മറിച്ച് ഒരു കോൺഗ്രസുകാരിയായി മാറണമെന്നും അടുത്ത മാസം അച്ഛന്റെ ചരമവാർഷിക വേളയിൽ പ്രവർത്തകർക്കൊപ്പം സ്മൃതികുടീരത്തിൽ ആദരവ് അർപ്പിക്കണമെന്നും മാത്രമാണ് ആഗ്രഹമെന്നും പദ്മജ ഫേസ്ബുക്കിൽ കുറിച്ചു. പല ഭാഗങ്ങളിൽ നിന്നുമുള്ള വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നുവെന്നും പ്രസ്ഥാനത്തിനും പ്രവർത്തകർക്കും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമാപണം നടത്തുന്നുവെന്നും അവർ വ്യക്തമാക്കിയെങ്കിലും, പദ്മജയെ തിരിച്ചെടുക്കുന്നതിൽ ഡി.സി.സി. വൈസ് പ്രസിഡന്റ് ജിന്റോ ജോൺ, കെ.പി.സി.സി. സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ തുടങ്ങിയ യുവ നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നതായാണ് റിപ്പോർട്ട്.

പദ്മജയുടെ കുറിപ്പ്

വികാരപരമായ ഒരു നിമിഷത്തിൽ ഞാൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയിൽ ഞാൻ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അന്ന് ഞാൻ എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങിവരവിന് ഞാൻ തയ്യാറെടുത്തത്.

ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോൺഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്. പല ഭാഗങ്ങളിൽ നിന്നും ഉള്ള കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുകയും ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്. അടുത്ത മാസം അച്ഛന്റെ ചരമവാർഷിക വേളയിൽ എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതികുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം.

More Stories from this section

family-dental
witywide