
വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഇറാനിയൻ യൂണിറ്റിന്റെ തലവനെ യുഎസ് സൈന്യം വധിച്ചതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇറാനെതിരെയുള്ള നീക്കങ്ങളെക്കുറിച്ച് ഹെഗ്സെത്ത് വിശദീകരിച്ചത്.
“ട്രംപിനെ വധിക്കാൻ ശ്രമിച്ച യൂണിറ്റിൻ്റെ നേതാവിനെ ഇന്നലെ വേട്ടയാടി വധിച്ചു. ട്രംപിനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു, എന്നാൽ പ്രസിഡൻ്റ് ട്രംപ് അവർക്ക് മറുപടി നൽകി അവസാന ചിരി ചിരിച്ചു,” ഹെഗ്സെത്ത് പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ പ്രത്യേക ഓപ്പറേഷൻ ഇയാളെ വധിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമുള്ളതായിരുന്നില്ലെന്നും എന്നാൽ പ്രതികളെ ലക്ഷ്യപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 വേനൽക്കാലത്ത് ട്രംപിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെ, അദ്ദേഹത്തെ വധിക്കാൻ ഇറാൻ്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് സീക്രട്ട് സർവീസ് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി. 2020-ൽ ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ചെയ്യാൻ, ട്രംപിനെ നിരീക്ഷിക്കാനും വധിക്കാനും ചുമതലപ്പെടുത്തിയ ഒരു ഇറാൻ സ്വദേശിക്കെതിരെ 2024 നവംബറിൽ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. ട്രംപിന്റെ ഉത്തരവനുസരിച്ച് 2020 ജനുവരിയിൽ ബാഗ്ദാദിൽ നടന്ന യുഎസ് ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. സുലൈമാനിയെ വധിച്ചതിന് പകരമായാണ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടതെന്നായിരുന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞത്. എന്നാൽ, ട്രംപിനെ വധിക്കാൻ തങ്ങൾ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്.
“അവൻ എന്നെ കൊല്ലുന്നതിന് മുമ്പ് ഞാൻ അവനെ വധിച്ചു. അവർ രണ്ടുതവണ ശ്രമിച്ചു, എന്നാൽ ഞാൻ അവരെക്കാൾ മുന്നിലെത്തി,” എന്ന് ട്രംപ് എബിസി ന്യൂസിനോട് പ്രതികരിച്ചു. ഇറാനിയൻ പരമാധികാരി ആയത്തൊള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രതികരണം.
ഇന്ത്യൻ മഹാസമുദ്രത്തിൽ ‘സുലൈമാനി’ എന്ന പേരിലുള്ള ഇറാൻ്റെ യുദ്ധക്കപ്പൽ യുഎസ് അന്തർവാഹിനി തകർത്തതായും ഹെഗ്സെത്ത് സ്ഥിരീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു യുഎസ് അന്തർവാഹിനി ശത്രുക്കപ്പൽ മുക്കുന്നത്.
US kills Iranian commander who planned to assassinate Trump, sinks Iranian ship – Defense Secretary















