
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം അമേരിക്കൻ സൈന്യം 560 കോടി ഡോളറിന്റെ (ഏകദേശം 46,000 കോടി രൂപ) ആയുധങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ട്. പെന്റഗൺ തിങ്കളാഴ്ച കോൺഗ്രസിന് നൽകിയ വിലയിരുത്തലിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. അത്യാധുനിക ആയുധശേഖരം ഇത്ര വേഗത്തിൽ തീരുന്നത് യുഎസ് പ്രതിരോധ വകുപ്പിനിടയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ വ്യാപകമായി ഉപയോഗിച്ച ലോങ്ങ് റേഞ്ച് പ്രിസിഷൻ ഗൈഡഡ് മിസൈലുകൾ ഉൾപ്പെടെയുള്ളവയുടെ കുറവാണ് പ്രധാനമായും ചർച്ചയാകുന്നത്.
ഇറാൻ വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വെടിവെച്ചിടാൻ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വൻതോതിൽ വ്യോമ പ്രതിരോധ മിസൈലുകൾ ചെലവാക്കേണ്ടി വരുന്നുണ്ട്. ഇറാന്റെ പക്കൽ മിസൈലുകളുടെയും ഡ്രോണുകളുടെയും ‘ഭീമമായ ശേഖരം’ ഉണ്ടെന്ന് അരിസോണ സെനറ്റർ മാർക്ക് കെല്ലി മുന്നറിയിപ്പ് നൽകി. യുദ്ധത്തിന്റെ പ്രതിദിന ചെലവിനെക്കുറിച്ച് സെനറ്റർമാർ പ്രതിരോധ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയാണ്.ആയുധങ്ങൾ വീണ്ടും നിർമ്മിക്കുന്നതിനായി ഭരണകൂടം ഉടൻ തന്നെ കോൺഗ്രസിനോട് കൂടുതൽ ഫണ്ട് ആവശ്യപ്പെട്ടേക്കും.
“അടുത്ത വലിയ പോരാട്ടം ഈ ഫണ്ടിന് വേണ്ടിയായിരിക്കും,” എന്ന് ഒരു കോൺഗ്രസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. യുദ്ധം നീണ്ടുപോവുകയാണെങ്കിൽ അമേരിക്കയുടെ ആയുധ നിർമ്മാണ ശാലകൾക്ക് ആവശ്യത്തിന് ആയുധങ്ങൾ വിതരണം ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.















