
വാഷിംഗ്ടൻ: അന്താരാഷ്ട്ര ജലാതിർത്തിയിൽ ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ അമേരിക്കൻ സൈന്യം നടത്തിയ കനത്ത ആക്രമണത്തിൽ എട്ടുപേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഈ സൈനിക ഇടപെടലുകൾ, ലഹരിമാഫിയകൾക്കെതിരായ യുഎസ് സതേൺ കമാൻഡിന്റെ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ലക്ഷണമായി വിലയിരുത്തപ്പെടുന്നു. പുതുവർഷ ദിനത്തിലാണ് ഏറ്റവും പുതിയ ആക്രമണം നടന്നത്. ഭീകര സംഘടനകളുടെ നിയന്ത്രണത്തിലുള്ള രണ്ട് ബോട്ടുകൾ നശിപ്പിച്ചതായും അതിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായും സൈന്യം സ്ഥിരീകരിച്ചു.
ഇതിന് മുൻപത്തെ ദിവസം, ചൊവ്വാഴ്ച, ലഹരിക്കടത്തുകാരുടെ മൂന്ന് ബോട്ടുകൾ ഉൾപ്പെട്ട സംഘത്തിനെതിരെയും യുഎസ് ആക്രമണം നടത്തിയിരുന്നു. ഇതിൽ ഒരു ബോട്ടിലുണ്ടായിരുന്ന മൂന്നുപേർ മരിച്ചു. ആക്രമണത്തിന് ശേഷം മറ്റ് രണ്ട് ബോട്ടുകളിലുണ്ടായിരുന്നവർ കടലിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തിന് പിന്നാലെ കാണാതായവരെ തിരയാൻ യുഎസ് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
രക്ഷപ്പെട്ടവരെ കണ്ടെത്താനായി സി-130 വിമാനങ്ങളും കടലിൽ ലൈഫ് റാഫ്റ്റുകളും മറ്റ് അത്യാവശ്യ വസ്തുക്കളും എത്തിക്കാൻ സജ്ജമാണെന്ന് കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു. എന്നാൽ എത്രപേരെ രക്ഷപ്പെടുത്തി എന്നതിൽ ഇതുവരെ വ്യക്തതയില്ല. സുരക്ഷാ കാരണങ്ങളാൽ ആക്രമണം നടന്ന കൃത്യമായ സ്ഥലം വെളിപ്പെടുത്താൻ സൈന്യം തയ്യാറായിട്ടില്ല. അന്താരാഷ്ട്ര ജലാതിർത്തിയിലാണ് നടപടി നടന്നതെന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം. മേഖലയിൽ ലഹരിക്കടത്ത് തടയുന്നതിന് വരും ദിവസങ്ങളിലും കർശന നിരീക്ഷണം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി.













