ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്, ഐഎസിനെതിരെ വ്യോമാക്രമണം കടുപ്പിച്ച് യുഎസ്; സിറിയയിൽ ഐസിസ് താവളങ്ങൾ തകർത്തു

വാഷിംഗ്ടൺ: സിറിയയിലെ ഐസിസ് ഭീകര ശൃംഖലയുടെ അവശേഷിപ്പുകളെ തുടച്ചുനീക്കുന്നതിനായി ഈ മാസം പത്ത് വ്യോമാക്രമണങ്ങൾ നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഫെബ്രുവരി 3 മുതൽ 12 വരെയുള്ള കാലയളവിൽ മുപ്പതിലധികം ഐസിസ് കേന്ദ്രങ്ങളെയാണ് അമേരിക്ക ലക്ഷ്യം വെച്ചത്. കഴിഞ്ഞ ഡിസംബറിൽ സിറിയയിലെ പാൽമിറയിൽ ഐസിസ് തോക്കുധാരി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് അമേരിക്കൻ സൈനികരോടുള്ള ആദരസൂചകമായാണ് ഈ ഓപ്പറേഷന് പേര് നൽകിയിരിക്കുന്നത്. ഇവർ അമേരിക്കയിലെ അയോവ സ്വദേശികളായിരുന്നു.

യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് അതീവ കൃത്യതയോടെയാണ് ഭീകരരുടെ ആയുധപ്പുരകളും അടിസ്ഥാന സൗകര്യങ്ങളും തകർത്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നൂറിലധികം ഐസിസ് താവളങ്ങൾ തകർക്കുകയും അമ്പതിലധികം ഭീകരരെ കൊല്ലുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ട്. ജനുവരി അവസാനം മുതൽ ഫെബ്രുവരി ആദ്യവാരം വരെ ഭീകരരുടെ വാർത്താവിനിമയ കേന്ദ്രങ്ങൾക്കും ലോജിസ്റ്റിക്സ് യൂണിറ്റുകൾക്കും നേരെയും ആക്രമണം നടന്നിരുന്നു.

സിറിയയിലെ തന്ത്രപ്രധാനമായ ചില സൈനിക താവളങ്ങളിൽ നിന്ന് അമേരിക്കൻ സൈന്യം പിൻവാങ്ങുന്ന ഘട്ടത്തിലാണ് ഈ മിന്നലാക്രമണങ്ങൾ നടക്കുന്നത്. സിറിയയിൽ അമേരിക്കയുടെ സാന്നിധ്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പിന്മാറ്റമെങ്കിലും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി.
ഭീകരവാദ ശൃംഖലകൾ വീണ്ടും ശക്തിപ്പെടാതിരിക്കാനുള്ള മുൻകരുതൽ നടപടിയായാണ് ഈ വ്യോമാക്രമണങ്ങളെ പെന്റഗൺ വിശേഷിപ്പിക്കുന്നത്.

More Stories from this section

family-dental
witywide