എൽ പാസോയിലെ ആകാശം അടപ്പിച്ചത് പെന്റഗണിന്റെ ലേസർ പരീക്ഷണം; തെറ്റിദ്ധാരണയുടെ പുറത്ത് പരീക്ഷിച്ചത് ഡ്രോണുകളെ നേരിടാൻ പുതിയ ആയുധം

വാഷിംഗ്ടൺ: അമേരിക്കൻ അതിർത്തി നഗരമായ ടെക്സസിലെ എൽ പാസോയിൽ വിമാനത്താവളവും പരിസരത്തെ ആകാശപാതയും പെട്ടെന്ന് അടച്ചിടാൻ കാരണമായത് പ്രതിരോധ വകുപ്പിന്റെ ലേസർ ആയുധ പരീക്ഷണമാണെന്ന് റിപ്പോർട്ടുകൾ. മെക്സിക്കൻ കാർട്ടലുകൾ അയക്കുന്ന ഡ്രോണുകളെ തകർക്കുന്നതിനായി കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉപയോഗിച്ച പുതിയ ‘കൗണ്ടർ-ഡ്രോൺ ലേസർ’ സാങ്കേതികവിദ്യയാണ് ഈ അപ്രതീക്ഷിത സംഭവത്തിന് പിന്നിൽ. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് എൽ പാസോയുടെ ആകാശം 10 ദിവസത്തേക്ക് അടച്ചിടുന്നതായി പ്രഖ്യാപിച്ചത്.

ഇത് വലിയ ആശയക്കുഴപ്പത്തിനും വിമാനങ്ങൾ റദ്ദാക്കുന്നതിനും കാരണമായി. എന്നാൽ ഏതാനും മണിക്കൂറുകൾക്ക് ശേഷം ഈ നിയന്ത്രണം പിൻവലിച്ചു. അതിർത്തിയിൽ ഒരു ഡ്രോൺ കണ്ടതായി കരുതി ലേസർ പരീക്ഷിച്ചെങ്കിലും അത് വെറുമൊരു മയിലാർ ബലൂൺ ആയിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായി. സി.ബി.പി.യും എഫ്.എ.എ.യും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഈ സ്തംഭനത്തിലേക്ക് നയിച്ചതെന്ന് വിമർശനമുണ്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണ് ഈ അത്യാധുനിക ലേസർ സാങ്കേതികവിദ്യ പ്രതിരോധ വകുപ്പിൽ നിന്ന് കുടിയേറ്റ നിയന്ത്രണ ഏജൻസിയായ സി.ബി.പി.ക്ക് നൽകാൻ അനുമതി നൽകിയത്.

അമേരിക്കൻ സൈന്യം 1960-കൾ മുതൽ തന്നെ ഡയറക്ടഡ് എനർജി വെപ്പണുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെങ്കിലും കഴിഞ്ഞ ഒരു ദശകത്തിലാണ് ഇതിൽ വലിയ പുരോഗതി ഉണ്ടായത്. യുഎസ് നാവികസേനയുടെ യുഎസ്എസ് പോൻസ് എന്ന കപ്പലിൽ ആദ്യമായി ലേസർ ആയുധം പരീക്ഷണാടിസ്ഥാനത്തിൽ വിന്യസിച്ചു. വെടിയുണ്ടകൾക്ക് പകരം അതിതീവ്രമായ പ്രകാശ കിരണങ്ങൾ ഉപയോഗിച്ച് സെക്കൻഡുകൾക്കുള്ളിൽ ശത്രു ഡ്രോണുകളുടെയോ ബോട്ടുകളുടെയോ എഞ്ചിൻ ഉരുകിത്തീർക്കാൻ ഇതിന് കഴിയും. ഒരു മിസൈൽ തൊടുക്കാൻ കോടിക്കണക്കിന് രൂപ ചിലവാകുമ്പോൾ, ലേസർ ഉപയോഗിച്ച് ഒരു ലക്ഷ്യം തകർക്കാൻ കേവലം ഒരു ഡോളറിൽ (ഏകദേശം 85 രൂപ) താഴെ മാത്രമേ വൈദ്യുതി ചിലവ് വരുന്നുള്ളൂ.

More Stories from this section

family-dental
witywide