
വാഷിംഗ്ടൺ: യുഎസ് നൽകുന്ന എച്ച് 1 ബി വിസയെയും തൊഴിലധിഷ്ഠിത ഗ്രീൻ കാർഡ് നടപടികളെയും ബാധിക്കുന്ന പുതിയ നിർദ്ദേശത്തിന് ഫെഡറൽ അംഗീകാരം ലഭിച്ചതോടെ, വിദേശ തൊഴിലാളികളുടെ വേതന നിയമങ്ങൾ പരിഷ്കരിക്കുന്നതിലേക്ക് അമേരിക്ക ഒരു പടി കൂടി അടുത്തു. സ്പോൺസർ ചെയ്യപ്പെടുന്ന തൊഴിലാളികളുടെ കുറഞ്ഞ ശമ്പള നിരക്ക് വർദ്ധിപ്പിക്കാൻ ഈ നീക്കം ഇടയാക്കും.
രണ്ട് മാസം മുമ്പ് ‘ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റിന്റെ’ (OMB) പരിഗണനയ്ക്ക് സമർപ്പിച്ച ഈ നിർദ്ദേശം ഉടൻ തന്നെ പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുശേഷമായിരിക്കും നിയമം അന്തിമമാക്കുക. പൊതുജനാഭിപ്രായം രേഖപ്പെടുത്താൻ സാധാരണ 30 മുതൽ 60 ദിവസം വരെ നൽകാറുണ്ടെങ്കിലും, നിയമം വേഗത്തിൽ നടപ്പിലാക്കാൻ ഇത് 30 ദിവസമായി കുറച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
വിദേശ തൊഴിലാളികൾക്ക് യുഎസ് തൊഴിലുടമകൾ നൽകേണ്ട കുറഞ്ഞ ശമ്പളം തീരുമാനിക്കുന്നത് നിലവിലുള്ള വേതന മാനദണ്ഡങ്ങൾ അനുസരിച്ചാണ്. ഇതിൽ വരുന്ന മാറ്റങ്ങൾ കമ്പനികളുടെ നിയമനച്ചെലവിനെയും സ്പോൺസർഷിപ്പ് തീരുമാനങ്ങളെയും നേരിട്ട് ബാധിക്കുമെന്നതാണ് ശ്രദ്ധേയം. പുതിയ നിയമത്തിൻ്റെ പൂർണ്ണരൂപം പുറത്തുവന്നിട്ടില്ലെങ്കിലും, വിവിധ തൊളിലുകളിൽ ശമ്പള നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഡോണൾഡ് ട്രംപിൻ്റെ ഭരണകാലത്ത് (2020 ഒക്ടോബറിൽ), H-1B തൊഴിലാളികളുടെയും ഗ്രീൻ കാർഡ് അപേക്ഷകരുടെയും ശമ്പളം 40% മുതൽ 100% വരെ വർദ്ധിപ്പിക്കുന്ന നിയമം കൊണ്ടുവന്നിരുന്നു. എന്നാൽ ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും പിന്നീട് പിൻവലിക്കേണ്ടിയും വന്നു. പിന്നീട് ബൈഡൻ ഭരണകൂടവും പുതിയ വേതന നിയമങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിലും അതും മാറ്റിവെക്കേണ്ടിവന്നിരുന്നു.
അമേരിക്കയിലെ എച്ച് 1 ബി വിസ കൈവശമുള്ളവരിലും ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവരിലും ഭൂരിഭാഗവും ഇന്ത്യൻ പ്രൊഫഷണലുകളാണ്, പ്രത്യേകിച്ച് ഐടി, ആരോഗ്യ മേഖലകളിൽ. അതിനാൽ ഈ നീക്കം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. 2024 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ച മൊത്തം എച്ച് 1 ബി അപേക്ഷകളിൽ 71 ശതമാനവും (ഏകദേശം 2.8 ലക്ഷം) ഇന്ത്യക്കാർക്കായിരുന്നു.
അതേസമയം, പുതുക്കിയ ശമ്പള നിരക്കുകൾ 2027 സീസണിൽ തിരഞ്ഞെടുക്കപ്പെടുന്ന എച്ച് 1 ബി ഗുണഭോക്താക്കൾക്ക് ബാധകമായേക്കാം. അടുത്ത മാസം എച്ച് 1 ബി വിസ രജിസ്ട്രേഷൻ ആരംഭിക്കാനിരിക്കെ, പുതിയ വേതന നിയമങ്ങൾ കമ്പനികൾക്ക് വലിയ തിരിച്ചടിയായേക്കും.
US moves closer to stricter H-1B wage rules; Who will suffer the consequences? How will it affect Indians?















