
വാഷിംഗ്ടൺ: ആഗോള ഊർജ്ജ വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ തങ്ങൾ നിലവിൽ സജ്ജരല്ലെന്ന് തുറന്നുസമ്മതിച്ച് ഡോണൾഡ് ട്രംപ് ഭരണകൂടം. യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റാണ് ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ഈ സമുദ്രപാതയിൽ അമേരിക്ക നേരിടുന്ന വെല്ലുവിളികൾ വെളിപ്പെടുത്തിയത്. ഇറാന്റെ ആക്രമണ പ്രത്യാക്രമണ ശേഷിയെയും ആയുധ നിർമ്മാണ ശാലകളെയും തകർക്കുന്നതിലാണ് നിലവിൽ അമേരിക്കൻ നാവികസേന പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
അതിനാൽ വാണിജ്യ കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ ആവശ്യമായ സൈനിക വിന്യാസം നിലവിൽ സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ നടത്തിയ അവകാശവാദങ്ങളിൽ നിന്നുള്ള നാടകീയമായ പിൻവാറ്റമാണ് ഊർജ്ജ സെക്രട്ടറിയുടെ പുതിയ പ്രസ്താവന. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലിന് യുഎസ് നാവികസേന സുരക്ഷയൊരുക്കിയെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹം കുറിച്ചിരുന്നുവെങ്കിലും പിന്നീട് അത് നീക്കം ചെയ്തു.
സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പഴയ നിലപാട് തിരുത്തിയ ക്രിസ് റൈറ്റ്, എണ്ണക്കപ്പലുകളെ സംരക്ഷിക്കാനുള്ള ശേഷി അമേരിക്കയ്ക്ക് ഇപ്പോൾ ഇല്ലെന്ന് പരസ്യമായി സമ്മതിച്ചു. സൈനിക സജ്ജീകരണങ്ങൾ ഉടൻ പൂർത്തിയാകുമെന്നും എന്നാൽ നിലവിൽ ഇറാന്റെ സൈനിക ശേഷി നശിപ്പിക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ പെന്റഗണുമായി ചേർന്ന് സുരക്ഷാ നടപടികൾ ഊർജ്ജിതമാക്കാനുള്ള നീക്കത്തിലാണ് യുഎസ് പ്രതിരോധ വിഭാഗം.
















