
ന്യൂഡൽഹി: ഒമാൻ തീരത്ത് അറബിക്കടലിൽ യന്ത്രത്തകരാറിനെ തുടർന്ന് മുങ്ങിക്കൊണ്ടിരുന്ന ‘വിരാട്-1’ എന്ന ഇന്ത്യൻ കപ്പലിലെ 14 നാവികരെ യുഎസ് നാവികസേന സാഹസികമായി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ജീവനക്കാർ എല്ലാവരും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കപ്പലിൽ നിന്ന് അടിയന്തര സഹായ സന്ദേശം ലഭിച്ചയുടൻ യുഎസ് നാവികസേനയുടെ പി-8 കടൽ നിരീക്ഷണ വിമാനം സ്ഥലത്തെത്തുകയും കടലിലേക്ക് ജീവൻരക്ഷാ കിറ്റും ലൈഫ് റാഫ്റ്റും ഇട്ടുകൊടുക്കുകയും ചെയ്തു. നാവികർ ഇതിലേക്ക് മാറിയെങ്കിലും ശക്തമായ കടൽക്ഷോഭത്തിൽ ലൈഫ് റാഫ്റ്റ് മറിഞ്ഞു. തുടർന്ന് യുഎസ് നാവികസേനയുടെ എംഎച്ച്-60എസ് സീ ഹോക്ക് ഹെലികോപ്റ്റർ എത്തിയാണ് മൂന്ന് നാവികരെ കടലിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്.
യുഎസ് നാവികസേനയുടെ ‘യുഎസ്എസ് മൈക്കൽ മർഫി’ എന്ന യുദ്ധക്കപ്പലും ഒമാൻ അധികൃതരുടെ ഏകോപനത്തിൽ ഈ പ്രദേശത്തുണ്ടായിരുന്ന ‘എംവി ജബൽ അലി 9’ എന്ന ചരക്കുകപ്പലും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. രക്ഷപ്പെടുത്തിയ 14 ഇന്ത്യൻ നാവികരെയും ജബൽ അലി 9 എന്ന കപ്പലിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും ഈ കപ്പൽ ഇപ്പോൾ മുംബൈയിലേക്ക് യാത്രതിരിച്ചതായും ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
US Navy rescues 14 sailors from Indian ship that sank in Arabian Sea














