
വാഷിംഗ്ടൺ: ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി വരും ദിവസങ്ങളിൽ കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ് നൽകി പ്രമുഖ യുഎസ് എണ്ണക്കമ്പനികൾ. എക്സോൺ, ഷെവ്റോൺ, കൊണോക്കോ ഫിലിപ്സ് എന്നീ കമ്പനികളുടെ സിഇഒമാരാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ ആശങ്ക അറിയിച്ചത്. വോൾ സ്ട്രീറ്റ് ജേണലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്, ഇൻ്റീരിയർ സെക്രട്ടറി ഡഗ് ബർഗം എന്നിവരുമായി നടത്തിയ ചർച്ചയിൽ, ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങൾ ആഗോള വിപണിയിൽ വലിയ അസ്ഥിരതയുണ്ടാക്കുമെന്ന് കമ്പനി മേധാവികൾ ചൂണ്ടിക്കാട്ടി.
യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ വിതരണ ശൃംഖലയിലുണ്ടാകുന്ന ഏത് ചെറിയ മാറ്റവും ഇന്ധനവില കുതിച്ചുയരാൻ കാരണമാകുമെന്നും, ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് സിഇഒമാർ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലോകത്തെ ക്രൂഡ് ഓയിൽ വിതരണത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച അവസ്ഥയിലാണെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടി. വിതരണത്തിലെ കുറവ് കാരണം അന്താരാഷ്ട്ര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയിട്ടുണ്ട്. ഇത് 150 ഡോളർ വരെ ഉയർന്നേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
US oil company CEOs warn of worsening energy crisis; Trump administration concerned?
















