
വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ നാടകീയമായ അറസ്റ്റിന് പിന്നാലെ, രാജ്യത്ത് തങ്ങളുടെ സ്വാധീനം ശക്തമാക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ കളംനിറയുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ, വെനസ്വേലയുടെ ഭാവി ഭരണക്രമത്തിൽ നിർണ്ണായക പങ്ക് വഹിക്കാനാണ് അമേരിക്കൻ നീക്കം. ഇതുസംബന്ധിച്ച പദ്ധതികൾക്ക് സിഐഎയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റും ചേർന്ന് അന്തിമരൂപം നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെനസ്വേലയിലെ നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത്, നയതന്ത്ര നീക്കങ്ങളേക്കാൾ സിഐഎയുടെ രഹസ്യ പ്രവർത്തനങ്ങൾക്കാണ് യുഎസ് മുൻഗണന നൽകുന്നത്. “സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പതാക ഉയർത്തിയേക്കാം, പക്ഷേ യഥാർത്ഥ നിയന്ത്രണം സിഐഎയുടെ കൈകളിലായിരിക്കും” എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം. എംബസി ഔദ്യോഗികമായി തുറക്കുന്നതിന് മുൻപ് തന്നെ ഒരു ‘സിഐഎ അനെക്സ്’ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങാനാണ് തീരുമാനം.
ഇത് വഴി ഭരണകൂടത്തിലെ ഉന്നതരും പ്രതിപക്ഷ നേതാക്കളുമായി രഹസ്യ ചർച്ചകൾ നടത്താൻ അമേരിക്ക ലക്ഷ്യമിടുന്നു. മുൻപ് ഉക്രെയ്നിൽ നടത്തിയതിന് സമാനമായ ഇടപെടലുകളിലൂടെ വെനസ്വേലയിൽ സ്ഥിരമായ വേരോട്ടം ഉണ്ടാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. മഡൂറോയ്ക്ക് ശേഷമുള്ള വെനസ്വേലയിൽ തങ്ങൾക്ക് അനുകൂലമായ ഒരു ഭരണകൂടം ഉറപ്പാക്കാൻ സിഐഎയുടെ ഈ രഹസ്യനീക്കം സഹായിക്കുമെന്നാണ് വാഷിംഗ്ടൺ കണക്കുകൂട്ടുന്നത്.















