
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം വെനിസ്വേലയിൽ നടത്തിയ സൈനിക അധിനിവേശത്തെയും മഡുറോയെ പിടികൂടിയതും വിമർശിച്ചുകൊണ്ട് ലൈവ് അഭിമുഖം നൽകിയ സാമൂഹിക പ്രവർത്തകയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു.
ജെസീക്ക പ്ലിച്ച എന്ന യുവ സാമൂഹിക പ്രവർത്തകെ അമേരിക്കയിലെ മിഷിഗണിൽ വെച്ചാണ് പിടികൂടിയത്. അമേരിക്കയുടെ പിടിയിലായ വെനസ്വേലയിലെ മുൻ ഭരണാധികാരി മഡുറോയെ മോചിപ്പിക്കണം എന്ന ആവശ്യവുമായി അവരുടെ നേതൃത്വത്തിൽ “ഗ്രാൻഡ് റാപ്പിഡ്‌സ് ഒപ്പോണന്റ്സ് ഓഫ് വാർ” എന്ന സംഘടന പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നു. ഇതിനിടെ പ്രാദേശിക വാർത്താ ചാനലായ ‘WZZM’ (ABC അഫിലിയേറ്റ്) -ന് തത്സമയ അഭിമുഖം നൽകുന്നതിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഇവരെ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു.
“നമുക്ക് കഴിയുന്ന എല്ലാ ഘട്ടങ്ങളിലും സമ്മർദ്ദം ചെലുത്തണം,” അഭിമുഖത്തിനിടെ അവർ പറഞ്ഞു. “ഇത് ഒരു വിദേശ പ്രശ്നം മാത്രമല്ല,” പ്ലിച്ച തുടർന്നു, “ഈ യുദ്ധ കുറ്റകൃത്യങ്ങൾ ചെയ്യാൻ നമ്മുടെ നികുതി ഡോളറുകളും ഉപയോഗിക്കുന്നു. യുഎസിലും വെനിസ്വേലയിലെ ജനങ്ങൾക്കെതിരെയും കുറ്റകൃത്യങ്ങൾ ചെയ്തതിന് ട്രംപ് ഭരണകൂടത്തിനെതിരെ നിലകൊള്ളേണ്ടത് അമേരിക്കൻ ജനതയുടെ കടമയാണ്” അവർ പറഞ്ഞു.
WATCH: Woman arrested mid-interview after criticizing Trump’s Venezuela invasion.
— Kaivan Shroff (@KaivanShroff) January 5, 2026
But you won’t hear a peep from the self-anointed “free speech warriors” like Elon Musk or Bari Weiss. pic.twitter.com/G20aab0m8w
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ ‘യുദ്ധക്കുറ്റം’ എന്നാണ് ജെസീക്ക വിശേഷിപ്പിച്ചത്. നികുതിപ്പണം ഇത്തരം അധിനിവേശങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെയായിരുന്നു അവർ പ്രതിഷേധിച്ചത്.
അഭിമുഖത്തിനിടെ, പീപ്പിൾസ് അസംബ്ലി ഫോർ പീസ് ആൻഡ് സോവറിനിറ്റി ഓഫ് ഔർ അമേരിക്ക എന്നറിയപ്പെടുന്ന ഒരു അന്താരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കാൻ മൂന്നാഴ്ച മുമ്പ് വെനിസ്വേലയിൽ എത്തിയിരുന്നുവെന്ന് പ്ലിച്ച അവകാശപ്പെട്ടു “ഞാൻ മഡുറോയെ നേരിട്ട് കണ്ടു. ആളുകൾ അദ്ദേഹത്തെ സ്നേഹിച്ചു. മഡുറോയെ ജനങ്ങളാണ് തിരഞ്ഞെടുത്തത്. അദ്ദേഹം ജനങ്ങൾക്കുവേണ്ടിയാണ്, ജനങ്ങൾ അദ്ദേഹത്തിന്റെ തിരിച്ചുവരവ് കാണാൻ ആഗ്രഹിക്കുന്നു. മഡുറോയെ സ്വതന്ത്രമാക്കുക” എന്ന് പറഞ്ഞുകൊണ്ടാണ് അവർ തന്റെ പരാമർശങ്ങൾ അവസാനിപ്പിച്ചത്. അപ്പോഴേക്കും, രണ്ട് ഉദ്യോഗസ്ഥർ അവരുടെ പിന്നിലൂടെ എത്തി കൈകളിൽ ബലമായി വിലങ്ങിട്ട്, അടുത്തുള്ള ഒരു പട്രോളിംഗ് കാറിലേക്ക് കൊണ്ടുപോയി.
അതേസമയം, റോഡ് തടസ്സപ്പെടുത്തിയെന്നും പൊലീസിന്റെ നിർദ്ദേശം അനുസരിച്ചില്ലെന്നുമാണ് ജെസീക്കയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റമെന്ന് പൊലീസ് അറിയിച്ചു.
ജനുവരി 3-ന് അമേരിക്കൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്’ എന്ന സൈനിക നീക്കത്തിലൂടെ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ന്യൂയോർക്കിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനെതിരെ അമേരിക്കയിലുടനീളം നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ജെസീക്കയുടെ നേതൃത്വത്തിലും മാർച്ച് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗിനിടെയാണ് ജസീക്കയുടെ അറസ്റ്റുണ്ടായത്. അതേസമയം, അതേ ദിവസം തന്നെ അവരെ പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. താൻ വെനിസ്വേലൻ ആണോ എന്നും വെനിസ്വേലയുമായുള്ള തൻ്റെ ബന്ധം എന്താണെന്നും എന്തിനാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും ഉദ്യോഗസ്ഥർ തന്നോട് ആവർത്തിച്ച് ചോദിച്ചതായും പ്ലിച്ച അവകാശപ്പെട്ടു.
സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ട്രംപ് ഭരണകൂടത്തെ വിമർശിച്ച് എത്തുന്നത്. “ട്രംപിന്റെ കീഴിലുള്ള അമേരിക്കയാണ് പുതിയ ഉത്തരകൊറിയ എന്ന് ചിലർ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
US police arrest social activist during live TV interview for criticizing Trump’s invasion of Venezuela















