” ലോകത്തെ പ്രധാനപ്പെട്ട എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതിനാണ് മച്ചാഡോ നൊബേൽ മെഡൽ സമ്മാനിച്ചത്, നിങ്ങളേക്കാൾ ഈ പുരസ്കാരം അർഹിക്കുന്ന മറ്റാരുമില്ലെന്നും അവർ പറഞ്ഞു”

വാഷിംഗ്ടൺ : വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ സമാധാനത്തിനുള്ള നോബൽ സമ്മാന മെഡൽ തനിക്ക് സമ്മാനിച്ചതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനുവരി 15-ന് വൈറ്റ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഈ അപൂർവ്വ നീക്കം. ലോകത്തെ പ്രധാനപ്പെട്ട എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചതിനാലാണ് മച്ചാഡോ ഈ മെഡൽ തനിക്ക് നൽകിയതെന്ന് ട്രംപ് അവകാശപ്പെട്ടു. “നിങ്ങളേക്കാൾ കൂടുതൽ ഈ പുരസ്കാരം അർഹിക്കുന്ന മറ്റാരുമില്ല” എന്ന് മെഡൽ നൽകിക്കൊണ്ട് മച്ചാഡോ തന്നോട് പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.

മറ്റൊരാളുടെ നോബൽ സമ്മാനം എന്തിനാണ് ആഗ്രഹിക്കുന്നതെന്നും അത് ഉപയോഗിച്ച് അദ്ദേഹം എന്തുചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും ചോദിച്ചപ്പോൾ ട്രംപിൻ്റെ മറുപടി ഇങ്ങനെയായിരുന്നു, “ശരി, അവൾ അത് എനിക്ക് വാഗ്ദാനം ചെയ്തു. അത് വളരെ നല്ലതാണെന്ന് ഞാൻ കരുതി. അവർ പറഞ്ഞു, നിങ്ങൾക്കറിയാമോ, നിങ്ങൾ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ചരിത്രത്തിൽ നിങ്ങളേക്കാൾ – നിങ്ങളേക്കാൾ – ഈ സമ്മാനം മറ്റാരും അർഹിക്കുന്നില്ല. അത് വളരെ നല്ല ഒരു കാര്യമാണെന്ന് ഞാൻ കരുതി.”

വെനിസ്വേലയുടെ സ്വാതന്ത്ര്യത്തിന് ട്രംപ് നൽകുന്ന സമാനതകളില്ലാത്ത പിന്തുണയ്ക്കുള്ള അംഗീകാരമായാണ് താൻ മെഡൽ സമർപ്പിച്ചതെന്നാണ് മച്ചാഡോ അറിയിച്ചത്. നോബൽ സമ്മാനം ലഭിച്ച വ്യക്തിക്ക് മാത്രമേ അതിന്റെ ഔദ്യോഗിക പദവി ഉണ്ടായിരിക്കുകയുള്ളൂ എന്നും അത് മറ്റൊരാൾക്ക് കൈമാറാനോ പങ്കിടാനോ സാധിക്കില്ലെന്നും നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. മെഡൽ കൈമാറിയാലും പുരസ്കാരത്തിന്റെ ഔദ്യോഗിക ഉടമസ്ഥാവകാശം മച്ചാഡോയ്ക്ക് തന്നെയായിരിക്കും.

വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സേന പിടികൂടിയതിനെത്തുടർന്നാണ് മച്ചാഡോ ട്രംപിനെ സന്ദർശിച്ചത്.
താൻ സമാധാനത്തിനുള്ള നോബൽ സമ്മാനം അർഹിക്കുന്നുണ്ടെന്ന് ട്രംപ് മുമ്പ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ-ഹമാസ് സംഘർഷം, ഇന്ത്യ-പാകിസ്ഥാൻ തർക്കം തുടങ്ങി എട്ട് മേഖലകളിൽ സമാധാനം കൊണ്ടുവരാൻ താൻ ഇടപെട്ടു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാണ് ഇന്ത്യ ഇത് പൂർണമായും നിരസിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചതിൽ ട്രംപിൻ്റെ മധ്യസ്ഥത ഉണ്ടായിരുന്നില്ലെന്നും ഇന്ത്യ ആവർത്തിക്കുന്നുണ്ട്.

US President Donald Trump defends Machado awarding him Nobel Peace Prize

More Stories from this section

family-dental
witywide