മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം; കോർണൽ സർവകലാശാലയെ ഉലച്ച കേസ് യു.എസ് വീണ്ടും അന്വേഷിക്കുന്നു

ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്തമായ കോർണൽ സർവ്വകലാശാലയിൽ 2024-ൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തിൽ ക്രിമിനൽ അന്വേഷണം വീണ്ടും ആരംഭിക്കാൻ ന്യൂയോർക്ക് സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ തീരുമാനിച്ചു. യൂണിവേഴ്സിറ്റിയിലെ ഫ്രറ്റേണിറ്റി ഹൗസിൽ (വിദ്യാർത്ഥി ക്ലബ്ബ്) വെച്ച് തനിക്ക് മയക്കുമരുന്ന് നൽകിയ ശേഷം ഏഴുപേർ ചേർന്ന് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഇരയായ യുവതി സെപ്റ്റംബർ 16-ന് സിവിൽ കോടതിയെ സമീപിച്ചതോടെയാണ് രാജ്യാന്തര ശ്രദ്ധ നേടിയ ഈ കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.

കേസ് ഗ്രാൻഡ് ജൂറിയുടെ പരിഗണനയ്ക്ക് വിടുമെന്നും, അനുയോജ്യമായ കുറ്റപത്രങ്ങൾ നിശ്ചയിച്ച ശേഷം തികച്ചും നിഷ്പക്ഷവും നീതിയുക്തവുമായ രീതിയിൽ വിചാരണ പൂർത്തിയാക്കുമെന്നും ടോംപ്കിൻസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മാത്യു വാൻ ഹൗട്ടൻ വ്യക്തമാാക്കി.

കോടതി രേഖകളിൽ ‘ജെയ്ൻ ഡോ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവതി, 2024 ഒക്ടോബർ 19-ന് കോർണലിലെ ‘ചി ഫൈ’ ഫ്രറ്റേണിറ്റി അംഗങ്ങൾ തനിക്ക് മദ്യവും ‘കെറ്റാമൈൻ’ എന്ന മയക്കുമരുന്നും നൽകി ലൈംഗികമായി അതിക്രമിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. അന്ന് താൻ കടുത്ത ലഹരിയിലായിരുന്നതിനാൽ സമ്മതം നൽകാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നും യുവതി പറയുന്നു.

എന്നാൽ, രണ്ട് വർഷം മുമ്പ് യുവതി പൊലീസിന് നൽകിയ പ്രാഥമിക മൊഴിയിൽ മയക്കുമരുന്ന് നൽകിയതായോ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായോ പറഞ്ഞിരുന്നില്ലെന്നും, ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും ഡിസ്ട്രിക്റ്റ് അറ്റോർണി വാൻ ഹൗട്ടൻ ചൂണ്ടിക്കാട്ടി. അന്ന് തെളിവുകളുടെ കുറവ് മൂലമാണ് കേസ് റദ്ദാക്കിയത്. അതേസമയം, ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവർ കടുത്ത മാനസികാഘാതം മൂലം പൂർണ്ണവിവരങ്ങൾ വെളിപ്പെടുത്താൻ വർഷങ്ങളോളം സമയമെടുത്തേക്കാമെന്ന മനശാസ്ത്രപരമായ യാഥാർത്ഥ്യം അദ്ദേഹം അംഗീകരിച്ചു.

ആക്രമണത്തിന് ഇരയായ സമയത്ത് യുവതി കടുത്ത മാനസികാഘാതത്തിലായിരുന്നെന്നും, പൊലീസ് കാര്യക്ഷമമായ തെളിവ് ശേഖരണമോ തുടരന്വേഷണമോ നടത്തിയിട്ടില്ലെന്നും യുവതിയുടെ അഭിഭാഷകൻ തോമസ് ജിയുഫ്ര ആരോപിച്ചു. അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ മറയ്ക്കാനാണ് പ്രോസിക്യൂഷൻ ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ഉപന്യാസങ്ങൾ എഴുതാൻ അവസരം നൽകി സർവ്വകലാശാല അധികൃതർ ശിക്ഷ ലഘൂകരിച്ചുവെന്ന യുവതിയുടെ ആരോപണം കോർണൽ സർവ്വകലാശാല അധികൃതർ തള്ളി. അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ സസ്‌പെൻഷൻ, ക്യാമ്പസിൽ നിന്നുള്ള പുറത്താക്കൽ എന്നിവയുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ‘ചി ഫൈ’ ഫ്രറ്റേണിറ്റിക്ക് ക്യാമ്പസിൽ ഇപ്പോഴും വിലക്കുണ്ടെന്നും സർവ്വകലാശാല അറിയിച്ചു.

സംഭവത്തെ തുടർന്ന് കോർണൽ സർവ്വകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമാണ്. സർവ്വകലാശാലയിലെ ലൈംഗിക അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്ന ‘ടൈറ്റിൽ IX’ സംവിധാനത്തിന്റെ സുതാര്യതയില്ലായ്മക്കെതിരെ വിദ്യാർത്ഥി പത്രമായ ‘ദി കോർണൽ ഡെയ്‌ലി സൺ’ ശക്തമായി രംഗത്തുവന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുന്നത് വരെ വിദ്യാർത്ഥികളുടെ എല്ലാ പ്രത്യേക പരിപാടികൾക്കും ഇറ്റാക്ക നഗരസഭ മേയർ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഹോളിവുഡ് നടി ഫ്ലോറൻസ് പ്യൂ, യു.എസ് കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ യുവതിക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ കേസിന് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമാണ് കൈവന്നത്.

US prosecutors reopen investigation into Cornell University rape case

More Stories from this section

family-dental
witywide