ആയത്തൊള്ള അലി ഖമീനിയുമായി ചർച്ചയ്ക്ക് ട്രംപ് തയാറെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഒരു വിമാനവാഹിനി കപ്പൽകൂടി മധ്യേഷ്യയിലേക്ക്

വാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമീനിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ആരുമായും കൂടിക്കാഴ്ച നടത്താൻ ട്രംപ് തയ്യാറാണെന്ന് റൂബിയോ വ്യക്തമാക്കി. അതേസമയം ട്രംപിന്റെ മുൻഗണന ഇറാനുമായി ഒരു കരാറിലെത്തുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“രാഷ്ട്രങ്ങൾ പരസ്പരം സംവദിക്കേണ്ടതുണ്ട്. ആരുമായി കൂടിക്കാഴ്ച നടത്താനും തയ്യാറുള്ള ഒരു പ്രസിഡന്റിന്റെ കീഴിലാണ് ഞാൻ സേവനം അനുഷ്ഠിക്കുന്നത്. നാളെ ആയത്തൊള്ള അലി ഖമീനി പ്രസിഡന്റ് ട്രംപിനെ കാണാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാൽ, പ്രസിഡന്റ് അദ്ദേഹത്തെ കാണുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. ആയത്തൊള്ള അലി ഖമീനിയോട് യോജിക്കുന്നതുകൊണ്ടല്ല, മറിച്ച് ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗം അതാണെന്ന് അദ്ദേഹം കരുതുന്നതുകൊണ്ടാണ്.”- റൂബിയോ ബ്ലൂംബെർഗിനോട് പറഞ്ഞു.

പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ അയക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ കുറിച്ചും റൂബിയോ പ്രതികരിച്ചു.

ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിനെ കരീബിയൻ കടലിൽനിന്ന് മധ്യേഷ്യയിലേക്ക് മാറ്റാനാണ് തീരുമാനം. നിലവിൽ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണിനൊപ്പം ഫോർഡും ചേരും.

ഇറാൻ തങ്ങളെ ആക്രമിക്കില്ലെന്നും മറ്റു പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള ഒരു ശ്രമമായാണ് ഈ നീക്കമെന്നാണ് റൂബിയോ വിശദീകരിച്ചത്. നേരത്തേ ഇറാനുമേൽ സൈനിക സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ട്രംപ് പറഞ്ഞത്.

‘ഒരു കരാറിൽ എത്താൻ സാധിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ഇതിന്റെ ആവശ്യമുണ്ട്. കരാർ നടപ്പിലാകുകയാണെങ്കിൽ വിന്യാസം വെട്ടിച്ചുരുക്കാം’ -ട്രംപ് പറഞ്ഞു. നിലവിൽ മധ്യേഷ്യയിലുള്ള സൈനിക സാന്നിധ്യത്തിന് പുറമെയാണിത്.

More Stories from this section

family-dental
witywide