ട്രംപ് ചെയ്യുന്നത് ശരിയല്ലെന്ന് ഓർമ്മിപ്പിച്ച് സെനറ്റർ, ഇറാനിൽ ഇടപെടും മുമ്പ് ട്രംപ് കോൺഗ്രസുമായി ആലോചിക്കണം; തിരഞ്ഞെടുപ്പ് വാഗ്ദാനം ഹലിക്കണമെന്നും ആവശ്യം

വാഷിംഗ്ടൺ: ഇറാനിൽ പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ശ്രമിച്ചാൽ സൈനിക നീക്കം നടത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് കൂൺസ് രംഗത്തെത്തി. വിദേശ രാജ്യങ്ങളിൽ സൈനിക നടപടി സ്വീകരിക്കുന്നതിന് മുൻപ് കോൺഗ്രസുമായി ആലോചിക്കണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പതിറ്റാണ്ടുകളായി തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ഭരണകൂടത്തിനെതിരെ ഇറാൻ ജനത നടത്തുന്ന പോരാട്ടത്തെ ക്രിസ് കൂൺസ് പ്രശംസിച്ചു. ഇറാനിലെ ജനങ്ങളുടെ സ്വതന്ത്ര ജീവിതത്തിനായുള്ള ആഗ്രഹത്തിന് അമേരിക്കയുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, പുതിയ വിദേശ യുദ്ധങ്ങൾ തുടങ്ങില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് നൽകിയ വാഗ്ദാനം അദ്ദേഹം ലംഘിക്കുകയാണെന്ന് സെനറ്റർ കുറ്റപ്പെടുത്തി. ഇറാൻ നേതൃത്വത്തിനെതിരെ അപ്രതീക്ഷിതമായ ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് അപകടകരമാണെന്നും ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിന്റെ അനുമതി തേടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ നടപടിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അമേരിക്കയുടെ സൈനിക ശക്തിയെക്കാൾ ഉപരിയായി നമ്മുടെ മൂല്യങ്ങളെയാണ് ലോകം ബഹുമാനിക്കേണ്ടതെന്നും എന്നാൽ ട്രംപ് രാജ്യത്തെ വ്യത്യസ്തമായ ഒരു ദിശയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഏകാധിപത്യ ഭരണകൂടത്തിന് നേരെ സൈനിക നീക്കം നടത്തുന്നത് ആ രാജ്യത്തിനകത്തെ വിയോജിപ്പുകളെ ക്രൂരമായി അടിച്ചമർത്താൻ ഭരണകൂടത്തിന് ഒരു ഒഴികഴിവായി മാറുമെന്ന് കൂൺസ് മുന്നറിയിപ്പ് നൽകി.

ഇറാനിൽ പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടാൽ അമേരിക്ക കടുത്ത ആക്രമണം നടത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഭരണഘടന അനുസരിച്ചുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റർ കൂൺസ് രംഗത്തെത്തിയത്.

More Stories from this section

family-dental
witywide