സുരക്ഷാ സാഹചര്യത്തിൽ കനത്ത ആശങ്ക, ലെബനനിൽ നിന്ന് എത്രയും വേഗം ഉദ്യോഗസ്ഥർ മടങ്ങണമെന്ന് യുഎസ്; പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു

ബെയ്‌റൂട്ട്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ലെബനനിലെ തങ്ങളുടെ അത്യന്താപേക്ഷിതമല്ലാത്ത സർക്കാർ ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിട്ടു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. മേഖലയിലെ സുരക്ഷാ അന്തരീക്ഷം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നത് ഉചിതമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചതായും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ബെയ്‌റൂട്ടിലെ യുഎസ് എംബസി പൂർണ്ണമായും അടച്ചിട്ടില്ല. അത്യാവശ്യ ഘട്ടങ്ങളിൽ പ്രവർത്തിക്കേണ്ട പ്രധാന ഉദ്യോഗസ്ഥർ അവിടെ തുടരും. അമേരിക്കൻ പൗരന്മാരെ സഹായിക്കുന്നതിനും നയതന്ത്ര പ്രവർത്തനങ്ങൾക്കുമായി എംബസി സജ്ജമായിരിക്കും. ഇത് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു താൽക്കാലിക നടപടി മാത്രമാണെന്നും സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് മാറ്റങ്ങൾ വരുത്തുമെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം മുറുകുന്നതും ഇസ്രായേൽ-ലെബനൻ അതിർത്തിയിലെ അസ്ഥിരതയുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അമേരിക്കയെ നയിച്ചത്. നേരത്തെ തന്നെ അമേരിക്കൻ പൗരന്മാരോട് ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു.

More Stories from this section

family-dental
witywide