
കാരക്കാസ് : നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് ശേഷം ആദ്യമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഉന്നതതല നയതന്ത്ര സംഘം വെനസ്വേലയിലെത്തി. 2019-ൽ നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ ഔദ്യോഗിക സംഘം കാരക്കാസ് സന്ദർശിക്കുന്നത്. വെനസ്വേലയിലെ നയതന്ത്ര സാന്നിധ്യം പുനഃസ്ഥാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം.
കൊളംബിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെനസ്വേല അഫയേഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥരും കൊളംബിയയിലെ ആക്ടിംഗ് യുഎസ് അംബാസഡർ ജോൺ മക്നമാരയും അടങ്ങുന്ന സംഘമാണ് കാരക്കാസിലെത്തിയത്. നിർത്തിവെച്ചിരിക്കുന്ന എംബസി പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനായുള്ള പ്രാഥമിക വിലയിരുത്തലുകൾ ഇവർ നടത്തും.
2019-ൽ നിക്കോളാസ് മഡുറോയുടെ ഭരണം അംഗീകരിക്കാതെ പ്രതിപക്ഷ നേതാവ് യുവാൻ ഗ്വയ്ദോയെ അമേരിക്ക പിന്തുണച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതും എംബസി അടച്ചുപൂട്ടിയതും. അതിനുശേഷം കൊളംബിയയിലെ ബൊഗോട്ടയിൽ ഇരുന്നാണ് അമേരിക്ക വെനസ്വേലൻ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. വെനസ്വേലയെ ഇനി അമേരിക്ക “നയിക്കുമെന്ന്” പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാജ്യത്ത് നയതന്ത്ര സാന്നിധ്യം ഉറപ്പിക്കാൻ വൈറ്റ് ഹൗസ് ശ്രമിക്കുന്നത്.
വെനസ്വേലയിലെ എണ്ണ ശേഖരം വീണ്ടും അന്താരാഷ്ട്ര വിപണിയിൽ എത്തിക്കുന്നതിനായി അമേരിക്കൻ എണ്ണക്കമ്പനികളുമായി ട്രംപ് ഭരണകൂടം ചർച്ചകൾ നടത്തിവരികയാണ്. ഇതിനായി അവിടെ സുരക്ഷിതമായ ഒരു രാഷ്ട്രീയ സാഹചര്യം ഒരുക്കുക എന്നതാണ് ഈ നയതന്ത്ര നീക്കത്തിന്റെ ലക്ഷ്യം.
നിലവിൽ വൈസ് പ്രസിഡന്റായിരുന്ന ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റിട്ടുണ്ട്. അമേരിക്കൻ സംഘത്തിന്റെ സന്ദർശനം വെനസ്വേലയുടെ ഭാവി രാഷ്ട്രീയ നീക്കങ്ങളിൽ നിർണ്ണായകമാകും.















