
വാഷിംഗ്ടൺ: വെനസ്വേലയിലെ യുഎസ് പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കർശന ജാഗ്രതാ മുന്നറിയിപ്പ്. കോലെക്ടിവോസ് എന്നറിയപ്പെടുന്ന സായുധ മിലിഷ്യകൾ റോഡ് തടയുകയും യുഎസ് പൗരന്മാരെ തിരയുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ, തടങ്കൽ, പീഡനം, ഭീകരവാദം, തട്ടിക്കൊണ്ടുപോകൽ, കുറ്റകൃത്യങ്ങൾ, ആഭ്യന്തര കലാപം, മോശം ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും പ്രധാന ഭീഷണികളാണ്. പ്രസിഡൻ്റായിരുന്ന നിക്കോളാസ് മഡുറോയേയും ഭാര്യയേയും അമേരിക്ക പിടികൂടിയതിന് പിന്നാലെ സാഹചര്യങ്ങൾ വഷളായിരുന്നു.
യാത്രാ മുന്നറിയിപ്പ് ലെവൽ:
വെനസ്വേലയ്ക്ക് നിലവിൽ ഏറ്റവും ഉയർന്ന ‘ലെവൽ 4 (യാത്ര ചെയ്യരുത്’ ) മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഗുരുതരമായ അപകടസാധ്യതകൾ കാരണമാണിത്. രാജ്യാന്തര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ച സാഹചര്യത്തിൽ, ലഭ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം മടങ്ങാനാണ് നിർദ്ദേശം.
2019 മാർച്ചിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കരാക്കാസിലെ എംബസി അടയ്ക്കുകയും എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരെയും പിൻവലിക്കുകയും ചെയ്തിരുന്നു. അതിനാൽ, യുഎസ് സർക്കാരിന് വെനസ്വേലയിലുള്ള പൗരന്മാർക്ക് അടിയന്തര സഹായങ്ങളോ കോൺസുലാർ സേവനങ്ങളോ നൽകാൻ പരിമിതികളുണ്ടെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് പൗരന്മാർ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും നിർദ്ദേശമുണ്ട്
US State Department warns Americans in Venezuela to ‘leave the country immediately’.















