
വാഷിംഗ്ടൺ: ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) പ്രകാരം പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ചുമത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതോടെ, തങ്ങൾ അടച്ച തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാര സ്ഥാപനങ്ങൾ ട്രംപ് ഭരണകൂടത്തിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നു. എന്നാൽ, ഈ റീഫണ്ട് നടപടികൾ നിയമപരവും രാഷ്ട്രീയവുമായ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നും ഇത് വർഷങ്ങളോളം നീണ്ടുപോയേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
തീരുവ ഇനത്തിൽ അടച്ച ശതകോടിക്കണക്കിന് ഡോളർ ബിസിനസുകൾക്ക് തിരികെ നൽകണോ എന്ന കാര്യത്തിൽ സുപ്രീം കോടതി വ്യക്തമായ നിർദ്ദേശം നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ വിഷയം കീഴ്ക്കോടതികളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. നിലവിൽ റീഫണ്ട് നൽകാനായി സർക്കാർ സംവിധാനങ്ങളോ അപേക്ഷിക്കാനുള്ള പോർട്ടലുകളോ നിലവിലില്ല. ഏകദേശം 165 ബില്യൺ ഡോളർ (ഏകദേശം 13.8 ലക്ഷം കോടി രൂപ) വരെ സർക്കാർ കമ്പനികൾക്ക് നൽകേണ്ടി വരുമെന്ന് ‘പെൻ വാർട്ടൺ ബജറ്റ് മോഡൽ’ കണക്കാക്കുന്നു.
റീഫണ്ട് നൽകുമോ? ട്രംപിൻ്റെ പ്രതികരണം ഇങ്ങനെ
റീഫണ്ട് നൽകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ട്രംപ് തയ്യാറായില്ല. ഈ വിഷയം അടുത്ത രണ്ട് വർഷത്തേക്ക് കോടതികളിൽ തുടരാനാണ് സാധ്യതയെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. “അവർ മാസങ്ങളെടുത്ത് വിധി എഴുതിയിട്ടും ഈ കാര്യത്തെക്കുറിച്ച് (റീഫണ്ട്) പരാമർശിച്ചിട്ടില്ല. ഞങ്ങൾ ശേഖരിച്ച പണത്തിന് എന്ത് സംഭവിക്കുമെന്ന് ചർച്ച ചെയ്യപ്പെട്ടിട്ടില്ല,” ട്രംപ് പറഞ്ഞു.
അതേസമയം, IEEPA പ്രകാരം ചുമത്തിയ താരിഫുകൾ റദ്ദാക്കപ്പെട്ടെങ്കിലും, മറ്റ് നിയമപരമായ അധികാരങ്ങൾ ഉപയോഗിച്ച് ഇവ പുനഃസ്ഥാപിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. 1974-ലെ ട്രേഡ് ആക്ട് സെക്ഷൻ 122 പ്രകാരം ലോകരാജ്യങ്ങൾക്ക് മേൽ 10% ആഗോള താരിഫ് ചുമത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ സെക്ഷൻ 301 പ്രകാരമുള്ള നികുതികൾ വർദ്ധിപ്പിക്കാനും ഭരണകൂടം ആലോചിക്കുന്നുണ്ട്.
അതിനിടെ, അമേരിക്കയിലെ ചെറുകിട ബിസിനസ് കൂട്ടായ്മകളും ചില സംസ്ഥാന ഗവർണർമാരും റീഫണ്ടിനായി ശക്തമായി വാദിക്കുന്നുണ്ട്. “അധ്വാനിക്കുന്ന ജനങ്ങളുടെ പോക്കറ്റിൽ നിന്നാണ് ട്രംപ് പണം തട്ടിയെടുത്തത്. അത് തിരികെ നൽകാനുള്ള സമയമായി,” – കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം പറഞ്ഞു.
തൻ്റെ സംസ്ഥാനത്തെ ഓരോ കുടുംബത്തിനും 1,700 ഡോളർ വീതം (ആകെ 8 ബില്യൺ ഡോളർ) റീഫണ്ട് നൽകണമെന്ന് ഇല്ലിനോയി ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കർ ആവശ്യപ്പെട്ടു.
അതേസമയം, ട്രംപിനെ ഭയന്ന് പല വൻകിട കമ്പനികളും റീഫണ്ടിനായി അപേക്ഷിക്കാൻ മടിച്ചേക്കുമെന്നും സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു. വരും മാസങ്ങളിൽ യുഎസ് കോടതികളിൽ റീഫണ്ടുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കേസുകൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
US Supreme Court rules Trump’s tariffs illegal; companies press for billions in refunds















