ഗ്രീൻലൻഡിൽ പുതിയ സൈനിക താവളങ്ങൾ സജ്ജമാക്കാൻ അമേരിക്ക; ഡെന്മാർക്കുമായി രഹസ്യ ചർച്ച?

വാഷിംഗ്ടൺ: ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ഗ്രീൻലൻഡിൽ പുതിയ സൈനിക താവളങ്ങൾ സ്ഥാപിക്കാൻ അമേരിക്ക നീക്കം തുടങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഡെന്മാർക്കുമായി അമേരിക്ക അതീവ രഹസ്യ ചർച്ചകൾ നടത്തിവരികയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡെന്മാർക്കിൻ്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിൻ്റെ തെക്കൻ ഭാഗത്ത് മൂന്ന് പുതിയ സൈനിക താവളങ്ങൾ ആരംഭിക്കാനാണ് അമേരിക്കൻ പദ്ധതി. നോർത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെ സുപ്രധാന കപ്പൽപ്പാതയായ ‘GIUK Gap’ (ഗ്രീൻലൻഡ്, ഐസ്‌ലൻഡ്, യുകെ എന്നിവയ്ക്കിടയിലുള്ള പ്രദേശം) വഴിയുള്ള റഷ്യൻ, ചൈനീസ് നാവിക നീക്കങ്ങൾ നിരീക്ഷിക്കുക എന്നതാണ് ഈ താവളങ്ങളുടെ പ്രധാന ലക്ഷ്യം.

ഗ്രീൻലൻഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്ന പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പരാമർശം നേരത്തെ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ നയതന്ത്ര ചർച്ചകളിലൂടെ താവളങ്ങൾ സ്ഥാപിക്കാനാണ് അമേരിക്കൻ ഭരണകൂടം ശ്രമിക്കുന്നത്. ചർച്ചകൾ ശരിയായ ദിശയിലാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. പുതിയ സൈനിക താവളങ്ങൾ അമേരിക്കയുടെ പരമാധികാര പ്രദേശമായി നിശ്ചയിക്കാനുള്ള ശുപാർശ അമേരിക്കൻ ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ചിട്ടുണ്ട്. നർസാർസുവക്കിലെ പഴയ അമേരിക്കൻ താവളം ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. ചെലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി നിലവിൽ വിമാനത്താവളങ്ങളോ തുറമുഖങ്ങളോ ഉള്ള സ്ഥലങ്ങൾ നവീകരിച്ച് താവളങ്ങളാക്കാനാണ് തീരുമാനം.

അമേരിക്കയുമായി നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഡെന്മാർക്ക് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ഈ നീക്കം ആർട്ടിക് മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥനായ മൈക്കൽ നീധം ആണ് ഈ നയതന്ത്ര നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡെന്മാർക്കിന്റെ അതിർത്തി സംരക്ഷണ നിബന്ധനകൾ പാലിച്ചുകൊണ്ട് തന്നെ, ട്രംപിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു കരാറാണ് ഇദ്ദേഹം രൂപപ്പെടുത്തുന്നത്. അമേരിക്കൻ നോർത്തേൺ കമാൻഡ് തലവൻ ജനറൽ ഗ്രിഗറി ഗില്ലോട്ടും ചർച്ചകളെക്കുറിച്ചുള്ള സൂചനകൾ നൽകിയിട്ടുണ്ട്.

ജനുവരി പകുതി മുതൽ ഇരുവിഭാഗവും കുറഞ്ഞത് അഞ്ച് തവണയെങ്കിലും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നോ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ നിന്നോ ഉള്ള ഒന്നോ രണ്ടോ അമേരിക്കൻ ഉദ്യോഗസ്ഥരും നീധമിനൊപ്പം സാധാരണയായി ഉണ്ടാകാറുണ്ടെന്ന് പല വൃത്തങ്ങളും സൂചിപ്പിച്ചു. അമേരിക്കയിലെ ഡെന്മാർക്ക് അംബാസഡറായ ജെസ്‌പർ മോളർ സോറൻസൻ, വാഷിംഗ്ടണിലെ ഗ്രീൻലൻഡിന്റെ മുതിർന്ന നയതന്ത്രജ്ഞൻ ജേക്കബ് ഇസ്‌ബോസെത്സൻ എന്നിവരാണ് ഡെന്മാർക്കിനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുക്കുന്നത്.

US to set up new military bases in Greenland; Secret talks with Denmark?

More Stories from this section

family-dental
witywide