ഇന്ത്യക്ക് ചുമത്തിയ 50% തീരുവ പകുതിയായി കുറയ്ക്കും? സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി

വാഷിംഗ്ടൺ: ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം തീരുവ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ നൽകി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ്. റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ച സാഹചര്യത്തിൽ, ഇന്ത്യക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക ശിക്ഷാ തീരുവ നീക്കം ചെയ്യാൻ വഴിയൊരുങ്ങിയേക്കാമെന്ന് സ്കോട്ട് ബെസെൻ്റ് വ്യക്തമാക്കിയിരിക്കുന്നത്.

“റഷ്യൻ എണ്ണ വാങ്ങുന്നതിന് ഞങ്ങൾ ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി. അവരുടെ റിഫൈനറികൾ റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചു. അതൊരു വിജയമാണ്,” പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബെസെന്റ് പറഞ്ഞു. ” തീരുവകൾ ഇപ്പോഴും തുടരുകയാണ്. അവ എടുത്തുകളയാൻ ഒരു വഴിയുണ്ടെന്ന് ഞാൻ കരുതുന്നു,” ബെസെൻ്റ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ റിഫൈനറികൾ ഇപ്പോൾ റഷ്യൻ എണ്ണ വാങ്ങുന്നത് വൻതോതിൽ കുറച്ചതായും ഇത് അമേരിക്കൻ നയത്തിൻ്റെ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ഈ തീരുവയുടെ ലക്ഷ്യം.

പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭരണകൂടം മുൻപ് ഇന്ത്യക്കുമേൽ ആകെ 50 ശതമാനം തീരുവയാണ് ചുമത്തിയിരുന്നത്. ഇതിൽ 25 ശതമാനം അടിസ്ഥാന തീരുവയും ബാക്കി 25 ശതമാനം റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള പിഴയുമായിരുന്നു. ഈ 25 ശതമാനം പിഴ ഒഴിവാക്കാനാണ് ഇപ്പോൾ ആലോചിക്കുന്നതെന്നാണ് വിവരം.

അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിർത്തിയെന്ന യുഎസ് അവകാശവാദത്തെക്കുറിച്ച് ഇന്ത്യൻ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ, അമേരിക്കയുമായി വ്യാപാര കരാറിനായുള്ള ചർച്ചകൾ നടന്നുവരികയാണ്. ഈ നീക്കം യാഥാർത്ഥ്യമായാൽ, യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക്, പ്രത്യേകിച്ച് വസ്ത്രം, ആഭരണങ്ങൾ എന്നിവയ്ക്ക് വലിയ ആശ്വാസമാകും.

US Treasury Secretary hints at halving 50% tariff on India

More Stories from this section

family-dental
witywide