
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് പാകിസ്ഥാനിലെത്തി. ഇറാൻ പ്രതിനിധികളുമായി നടത്തുന്ന അതീവ നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനാണ് അദ്ദേഹം ഇസ്ലാമാബാദിലെ നൂർ ഖാൻ എയർഫോഴ്സ് ബേസിൽ രാവിലെ വിമാനമിറങ്ങിയത്.
പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ, വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു . അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ രണ്ടാം ഭരണകാലത്ത് പാകിസ്താനും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ മുനീർ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. നേരത്തെ ട്രംപ് മുനീറിനെ തന്റെ ‘പ്രിയപ്പെട്ട ഫീൽഡ് മാർഷൽ’ എന്ന് വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ വൈറ്റ് ഹൗസിൽ വെച്ച് ട്രംപുമായി നടത്തിയ സവിശേഷമായ ഉച്ചഭക്ഷണ കൂടിക്കാഴ്ചയും അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ അസിം മുനീർ ഒരു പ്രധാന കണ്ണിയാകുമെന്നാണ് കരുതപ്പെടുന്നത്. ട്രംപുമായുള്ള വ്യക്തിപരമായ അടുപ്പവും ഇറാനുമായുള്ള ദീർഘകാല ബന്ധവും ഉപയോഗപ്പെടുത്തി ഈ ആഴ്ച നടന്ന വെടിനിർത്തൽ കരാറിന് പിന്നിൽ പ്രവർത്തിച്ചത് മുനീറാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ശനിയാഴ്ച നയതന്ത്രപരമായ നീക്കങ്ങളിൽ മുനീർ കാണിച്ച മാറ്റങ്ങളും ചർച്ചയായിട്ടുണ്ട്. ഇറാനിയൻ പ്രതിനിധികളെ സ്വീകരിക്കുമ്പോൾ സൈനിക യൂണിഫോമിലായിരുന്ന മുനീർ, മണിക്കൂറുകൾക്ക് ശേഷം അമേരിക്കൻ വൈസ് പ്രസിഡൻ്റിനെ സ്വീകരിക്കാൻ എത്തിയത് കറുത്ത സ്യൂട്ടും പച്ച ടൈയും ധരിച്ചായിരുന്നു. പാക് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ദൃശ്യങ്ങളിലാണ് ഈ മാറ്റം വ്യക്തമായത്.
#WATCH | Pakistan: US Vice President JD Vance arrived in Islamabad for peace talks with Iran.
— ANI (@ANI) April 11, 2026
(Video Source: US Network Pool via Reuters; quality as incoming) pic.twitter.com/oHjsaiSigX
പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രത്യേക ദൂതനായി എത്തിയ വാൻസിനൊപ്പം ട്രംപിൻ്റെ മരുമകൻ ജാരെഡ് കുഷ്നർ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരടങ്ങുന്ന ഉന്നതതല സംഘവുമുണ്ട്. ആറ് ആഴ്ചയായി തുടരുന്ന യുഎസ്-ഇറാൻ പോരാട്ടം അവസാനിപ്പിക്കുകയും നിലവിലുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ സ്ഥിരമാക്കുകയും ചെയ്യുക എന്നതാണ് ഈ സന്ദർശനത്തിൻ്റെ പ്രധാന അജണ്ട.
ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള ഇറാൻ സംഘവുമായാണ് ചർച്ചകൾ നടക്കുന്നത്. ഇറാൻ്റെ ആണവ പദ്ധതികൾ, മിസൈൽ പ്രോഗ്രാം, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകൽ എന്നിവ ചർച്ചകളിൽ പ്രധാന വിഷയങ്ങളാകും. “ഇറാൻ സമാധാനത്തിന് തയ്യാറാണെങ്കിൽ അമേരിക്ക സഹകരിക്കും, അല്ലാത്തപക്ഷം കടുത്ത നടപടികൾ നേരിടേണ്ടി വരും” എന്ന് വാൻസ് ചർച്ചകൾക്ക് മുന്നോടിയായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, സന്ദർശനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിൽ അതീവ ജാഗ്രതയും കനത്ത സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാൻ ഉദ്യോഗസ്ഥർ മുഖേനയുള്ള പരോക്ഷ ചർച്ചാ രീതിയും ഈ സമാധാന ദൗത്യത്തിൽ പരീക്ഷിക്കപ്പെടുന്നുണ്ട്. ഈ നയതന്ത്ര നീക്കം വിജയിക്കുകയാണെങ്കിൽ, ദശകങ്ങളായി തുടരുന്ന അമേരിക്ക-ഇറാൻ ശത്രുതയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് രാജ്യാന്തര നിരീക്ഷകർ വിലയിരുത്തുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ചർച്ചയായി ഇത് മാറിയിട്ടുണ്ട്.
US Vice President Vance arrives in Pakistan; receives Pakistani Army Chief and Foreign Minister in person, now crucial talks with Iran















