
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങളിൽ 15 രാജ്യങ്ങൾക്ക് ഇളവ്. ഫിഫ ലോകകപ്പ് സുഗമമായി നടത്തുന്നതിനായുള്ള നീക്കമാണ്. ലോകകപ്പ് തുടങ്ങാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ടിക്കറ്റ് എടുത്ത ആയിരക്കണക്കിന് ആരാധകരുടെയും കായിക താരങ്ങളുടെയും ആശങ്ക പരിഗണിച്ചാണ് ഈ നടപടി. യുഎസിലും മെക്സിക്കോയിലും നടക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കാൻ ടിക്കറ്റ് ബുക്ക് ചെയ്ത ആയിരക്കണക്കിന് ഫുട്ബോൾ ആരാധകരെ ആശങ്കയിലാക്കിയാണ് യുഎസ് വിസ പ്രോസസ്സിംഗ് മരവിപ്പിച്ചത് . ഇതോടെ ഇവർക്ക് ഫുട്ബോൾ മത്സരം കാണാനാകില്ലെന്ന അഭ്യൂഹവും പരന്നു. എന്നാൽ, ഇമ്മിഗ്രന്റ് വിസകളെ മാത്രമാണ് പുതിയ നടപടി ബാധിക്കുക . അതിനാൽ, 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കാൻ ടിക്കറ്റ് ബുക്ക് ചെയ്ത ഫുട്ബോൾ ആരാധകർക്ക് നിരാശപ്പെടേണ്ടി വരില്ല എന്ന് യുഎസ് വ്യക്തമാക്കുന്നത്.
ലോകകപ്പ് കാണാൻ വരുന്ന ആരാധകർ സാധാരണയായി ടൂറിസ്റ്റ് അല്ലെങ്കിൽ ബിസിനസ് വിസകളാണ് (B-1/B-2) ഉപയോഗിക്കുന്നത്. ഈ വിസകൾക്ക് നിലവിലെ മരവിപ്പിക്കൽ ബാധകമല്ല. യുഎസിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള ഇമ്മിഗ്രൻ്റ് വിസകളുടെ പ്രോസസ്സിംഗ് മാത്രമാണ് ജനുവരി 21 മുതൽ നിർത്തിവെച്ചിരിക്കുന്നത്. ഫുട്ബോൾ ആരാധകരുടെ യാത്രാ പ്ലാനുകളെ ഈ നയം നേരിട്ട് ബാധിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ലോകകപ്പ് ടിക്കറ്റ് ഉടമകൾക്കായി വിസ അപ്പോയിന്റ്‌മെന്റ് നടപടികൾ വേഗത്തിലാക്കാൻ ‘FIFA PASS’ എന്നൊരു പ്രത്യേക സംവിധാനവും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഫിഫയും ചേർന്ന് നവംബറിൽ അവതരിപ്പിച്ചിരുന്നു.
ലോകകപ്പിൽ പങ്കെടുക്കുന്ന 15 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്കാണ് വിസ സംബന്ധമായ ആശങ്കകൾ ഉണ്ടായിരുന്നത്. ബ്രസീൽ, അൾജീരിയ, ഇറാൻ, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. എന്നിരുന്നാലും, താരങ്ങൾക്കും ഒഫീഷ്യൽസിനും യാത്രാ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
US Visa processing freeze: Big relief for 15 countries.












